ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുൻപ് അവിചാരിതമായ ചില സംഭവങ്ങൾ അരങ്ങേറുകയുണ്ടായി. അഡ്ലൈഡ് എയർപോർട്ടിലേക്കുള്ള ഇന്ത്യയുടെ ടീം ബസ്സിൽ കയറിപ്പറ്റാൻ യുവതാരം ജയസ്വാളിന് സാധിച്ചില്ല. കൃത്യസമയത്ത് ടീമിനൊപ്പം എത്താൻ സാധിക്കാതെ വന്നതിന് പിന്നാലെയാണ് ജയസ്വാളിന് ടീം ബസ് നഷ്ടമായത്.
ടീം ഹോട്ടലിന്റെ ലോബിയിൽ കൃത്യമായ സമയത്ത് എത്തുന്നതിൽ ജയസ്വാൾ പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ജയസ്വാളിനെ ഒഴിവാക്കി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു ശേഷം യുവ താരത്തനായി ഒരു പ്രത്യേക കാർ ഒരുക്കി കൊടുക്കുകയായിരുന്നു.
ഇന്ത്യയുടെ ബ്രിസ്ബെയ്നിലേക്കുള്ള ഫ്ലൈറ്റ് രാവിലെ 10 മണിക്ക് ആയിരുന്നു. ഇതിനായി 8.30ന് തന്നെ ഹോട്ടലിൽ നിന്ന് ഇറങ്ങാനാണ് ഹെഡ് കോച്ചായ ഗൗതം ഗംഭീറും ചീഫ് സെലക്ടറായ അജിത് അഗാർക്കറും അടക്കമുള്ളവർ തീരുമാനിച്ചത്. ഇതിനായി എല്ലാവരും തയ്യാറാവുകയും ചെയ്തു. പക്ഷേ കൃത്യസമയത്ത് ജയസ്വാൾ ഹോട്ടലിൽ എത്താതിരുന്നത് കാര്യങ്ങൾ വൈകാൻ കാരണമായി.
ശേഷം രോഹിത് ശർമ ബസിന് പുറത്തുവരികയും സ്റ്റാഫിനോട് ജയസ്വാൾ എവിടെയാണ് എന്ന് അന്വേഷിക്കാൻ പറയുകയും ചെയ്തു. സമയം മുൻപോട്ടു പോകുന്നതിനാൽ തന്നെ പിന്നീട് ജയസ്വാളിനെ കൂടാതെ ഇന്ത്യൻ ടീം എയർപോർട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഇതിന് പിന്നാലെ 20 മിനിറ്റിന് ശേഷമാണ് ജയസ്വാൾ ഹോട്ടലിലേക്ക് എത്തിയത്. ഈ സമയത്ത് ടീം മാനേജ്മെന്റ് താരത്തിനായി ഒരു കാർ ഒരുക്കിയിരുന്നു. ഈ കാറിൽ കൃത്യസമയത്ത് എയർപോർട്ടിലെത്താൻ ജയസ്വാളിന് സാധിച്ചു. ഒരു സീനിയർ സെക്യൂരിറ്റി ഓഫീസറുടെ കൂടെയാണ് ജയസ്വാൾ എയർപോർട്ടിലേക്ക് എത്തിയത്. ഇന്ത്യൻ ക്രിക്കറ്റിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ചില സമയങ്ങളിൽ നടക്കാറുണ്ട്. സീനിയർ താരങ്ങളായ രോഹിത് ശർമയും ദിനേശ് കാർത്തിക്കും അടക്കമുള്ളവർ ഇത്തരം തെറ്റുകൾ മൂലം ചില ശിക്ഷകൾ പോലും ഏറ്റുവാങ്ങിയിട്ടുണ്ട്.
എന്തുകൊണ്ടാണ് ജയസ്വാൾ ഇത്രമാത്രം വൈകിയെത്തിയത് എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. പക്ഷേ വരും ദിവസങ്ങളിൽ താരത്തിന് വലിയ ശിക്ഷ തന്നെ ഇന്ത്യ നൽകാൻ സാധ്യതയുണ്ട്. ഓസ്ട്രേലിയക്കെതിരെ അഡ്ലൈഡിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ജയസ്വാളിനും കൂട്ടർക്കും സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച പ്രകടനം കാഴ്ചവച്ച് തിരിച്ചുവരിക എന്ന ഉദ്ദേശമാണ് ഇന്ത്യക്കുള്ളത്.