ഐസിസി ടി20 ലോകകപ്പിലെ നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ സ്കോട്ടലന്‍റിനു ബാറ്റിംഗ് തകര്‍ച്ച. ശേഷിക്കുന്ന എല്ലാ മത്സരത്തിലും വിജയിക്കണം എന്ന അവസ്ഥയിലാണ് ഇന്ത്യ, അതിനോടൊപ്പം മറ്റ് ടീമുകളുടെ ജയ – പരാജയം കണക്കിലെടുത്താണ് ഇന്ത്യക്ക് മുന്നേറാന്‍ കഴിയുകയുള്ളു.
ടൂര്‍ണമെന്‍റില്‍ ഇതാദ്യമായി ടോസ് ലഭിച്ച വീരാട് കോഹ്ലി ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കോഹ്ലിയുടെ തീരുമാനം ശരിവച്ച ബോളര്‍മാര്‍ സ്കോട്ടലന്‍റിനെ 85 റണ്‍സില്‍ പുറത്താക്കി. 3 വിക്കറ്റുമായി ജഡേജയും ഷാമിയും തിളങ്ങിയപ്പോള്‍ ബൂംറ 2 വിക്കറ്റ് നേടി. 1 വിക്കറ്റ് രവിചന്ദ്ര അശ്വിനായിരുന്നു.
മത്സരത്തിന്‍റെ 17ാം ഓവറില്‍ മൂന്നു തുടര്‍ച്ചയായ വിക്കറ്റുകളാണ് സ്കോട്ടലന്‍റിനു വീണത്. ആദ്യ പന്തില്‍ മാക്ലോഡിന്‍റെ (16) കുറ്റി തെറിപ്പിച്ച ഷാമി, രണ്ടാം പന്തില്‍ ഷരീഫിനെ ഇഷാന്‍ കിഷന്‍ റണ്ണൗട്ടാക്കി. ഇല്ലാത്ത റണ്ണിനോടിയായി ഷരീഫിനെ (0) പകരം ഫീല്‍ഡറായ കിഷാന്‍ റണ്ണൗട്ടാക്കി. മൂന്നാം പന്തില്‍ മറ്റൊരു ക്ലീന്‍ ബൗള്‍ഡിലൂടെ ഇവാന്‍സിനെ (0) ഷാമി പുറത്താക്കി. തുടര്‍ച്ചയായി മൂന്നു പന്തുകളില്‍ 3 വിക്കറ്റ് സ്വന്തമാക്കി ടീം ഹാട്രിക്ക് നേടി. ഇതോടെ 81 ന് 6 എന്ന നിലയില്‍ നിന്നും 81 ന് 9 എന്ന നിലയിലേക്ക് സ്കോട്ടലന്‍റ് വീണു.