ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ വീണ്ടും വമ്പൻ ട്വിസ്റ്റ് നേടി ഓവലിലെ നാലാം ടെസ്റ്റ് മത്സരത്തിൽ വിരാട് കോഹ്ലിക്കും ടീമിനും 157 റൺസിന്റെ മാസ്മരിക ജയം.മുൻപ് ലീഡ്സിലെ ഒന്നാം ഇന്നിങ്സ് തോൽവി നാണക്കേടിന്റെ റെക്കോർഡുകളും ഒപ്പം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിലും ഏറെ തിരിച്ചടികൾ സമമാനിച്ച ഇന്ത്യൻ ടീമിന് ഓവലിലെ ഈ ചരിത്രജയം അനവധി നേട്ടങ്ങളും ഒട്ടേറെ സന്തോഷവാർത്തകളുമാണ് നൽകിയത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിക്ഷന്റെ ഭാഗമായ ഈ ഒരു ടൂർണമെന്റിൽ ജയിക്കേണ്ടത് രണ്ട് ടീമുകൾക്കും പ്രധാനമാണ്. ഓവലിലെ ഈ ഒരു ജയത്തോടെ ഇപ്പോൾ പോയിന്റ് ടേബിളിൽ കൂടി കുതിക്കുകയാണ് ഇന്ത്യൻ ടീം.50 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഓവലിൽ ജയത്തോടെ തലകൾ ഉയർത്തിയാണ് കോഹ്ലിയും സംഘവും മടങ്ങിയത്.
ലീഡ്സിലെ ഇന്നിങ്സ് തോൽവിയോടെ നഷ്ടമായ ഐസിസി ടെസ്റ്റ് ലോകകപ്പ് പോയിന്റ് ടേബിളിലെ അധിപത്യമാണ് ഇപ്പോൾ നായകൻ കോഹ്ലിയും ടീമും കൂടി തിരിച്ചുപിടിച്ചത്. ഓവലിലെ ജയത്തോടെ 12 പോയിന്റുകൾ ലഭിച്ചത് ഇന്ത്യൻ ടീമിന് ആശ്വാസമായി.ഇതോടെ പോയിന്റ് ടേബിൾ പാക്കിസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തുവാൻ കോഹ്ലിക്കും ടീമിനും സാധിച്ചു. ഇപ്പോൾ ആകെ 26 പോയിന്റാണ് ഇന്ത്യൻ ടീമിനുള്ളത്. 20 പോയിന്റ് നേടിയ പാകിസ്ഥാൻ പോയിന്റ് ടേബിളിൽ രണ്ടാമതായപ്പോൾ വെസ്റ്റ് ഇൻഡീസ് മൂന്നാം സ്ഥാനത്താണ്.26 പോയിന്റിന് ഒപ്പം 54.17 എന്ന പോയിന്റ് ശരാശരി ഇന്ത്യൻ ടീമിന് അനുഗ്രഹമാണ്.
നേരത്തെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരുന്ന പാകിസ്ഥാൻ ടീം 50 പോയിന്റ് ശരാശരിയോടെ രണ്ടാമതാണ് ഇപ്പോൾ.മറ്റൊരു തോൽവിയോടെ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം എത്തിയിരിക്കുന്നത്.നേരത്തെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യൻ ടീമിന് രണ്ട് പോയിന്റ് കൂടി നഷ്ടമായിരുന്നു. നിർണായകമായ ടെസ്റ്റ് ലോകകപ്പിൽ ഐസിസിയുടെ ഈ കടുത്ത തീരുമാനം ഭാവിയിൽ തിരിച്ചടിയായി മാറുമോ എന്നുള്ള ആശങ്ക വിരാട് കോഹ്ലി തന്നെ വിശദമാക്കിയിരുന്നു