ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം തേടിയിറങ്ങിയ ഇന്ത്യൻ ടീമിന് മറ്റൊരു നേട്ടം :സ്റ്റാർ ബൗളർ ഒന്നാം റാങ്കിൽ

ക്രിക്കറ്റ് ആരാധകർ എല്ലാവരും ഇപ്പോൾ സതാംപ്ടണിൽ പുരോഗമിക്കുന്ന പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ വിജയിക്കായുള്ള അന്തിമ കാത്തിരിപ്പിലാണ്. പ്രഥമ ടെസ്റ്റ് ലോകകപ്പ് കിരീടം ആരാകും നേടുകയെന്നതിൽ ക്രിക്കറ്റ്‌ ആരാധകരിൽ ചർച്ചകൾ ഏറെ സജീവമാണ്.ന്യൂസിലാൻസ്, ഇന്ത്യ ക്രിക്കറ്റ്‌ ടീമുകൾ ആറാം ദിനം കളിക്കുവാനായി ഇറങ്ങുമ്പോൾ പോരാട്ടം ഉറപ്പായും തീപാറുമെന്നാണ് എല്ലാവരുടെയും ഉറച്ച വിശ്വാസം.അഞ്ചാം ദിനത്തെ നിർണായക മത്സരം അവസാനിച്ചപ്പോൾ ഇന്ത്യൻ ടീം 32 റൺസിന്റെ ലീഡ് കരസ്ഥമാക്കി. ഏക റിസർവ് ദിനമായ ഇന്ന് അന്തിമ വിജയം ആരാകും സ്വന്തമാക്കുകയെന്നതാണ് പ്രധാനം.

അതേസമയം ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത സമ്മാനിച്ച് ഇപ്പോൾ ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിന്റെ പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തേക്ക് എത്തി.ഇപ്പോൾ ടെസ്റ്റിലെ ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിലാണ് താരം അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ജഡേജ കരിയറിൽ ആദ്യമായിട്ടല്ല ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്. മുൻപ് ഏകദിന റാങ്കിങ്ങിലും താരം ഒന്നാമത് എത്തിയത് വാർത്തയായിരുന്നു. ജഡേജ 386 റാങ്കിങ് പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്.

പുതിയ ഓൾറൗണ്ടർമാരുടെ ടെസ്റ്റ് റാങ്കിങ് പ്രകാരം രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ടീം നായകൻ ഹോൾഡർ 384 പോയിന്റുകൾ കരസ്ഥമാക്കി റാങ്കിങ്ങിൽ രണ്ടാമതാണ്. ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സ് റാങ്കിങ്ങിൽ മൂന്നാമത് എത്തിയപ്പോൾ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനാണ് റാങ്കിങ്ങിൽ നാലാമത്. ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസ്സൻ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനം നിലനിർത്തി. മുൻപ് ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരക്കിടയിൽ പരിക്കേറ്റ ജഡേജ മാർച്ച്‌ മാസത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിച്ചിരുന്നില്ല.