ദുബായില്‍ ❝അടിയോടടി❞. നിരവധി റെക്കോഡുകളുമായി ❛ദീപാവലി❜ സമ്മാനം

ഐസിസി ടി20 ലോകകപ്പില്‍ സ്കോട്ടലെന്‍റിനെ പരാജയപ്പെടുത്തി സെമി സാധ്യതകള്‍ ഇന്ത്യ നിലനിര്‍ത്തി. മത്സരത്തില്‍ 85 റണ്‍സില്‍ സ്കോട്ടലന്‍റിനെ പുറത്താക്കിയ ഇന്ത്യ, ലക്ഷ്യം 6.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ന്യൂസിലന്‍റ് – അഫ്ഗാനിസ്ഥാന്‍ ടീമുകളേക്കാള്‍ മികച്ച റണ്‍റേറ്റുമായാണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കു വേണ്ടി കെല്‍ രാഹുല്‍ (19 പന്തില്‍ 50 റണ്‍സ് ) രോഹിത് ശര്‍മ്മ ( 16 പന്തില്‍ 30 റണ്‍സ് ) എന്നിവര്‍ മികച്ച തുടക്കം നല്‍കി പുറത്തായി. സൂര്യകുമാര്‍ യാദവ് സിക്സടിച്ച് ഫിനിഷ് ചെയ്തപ്പോള്‍ കോഹ്ലി 2 റണ്‍സ് നേടി പുറത്താകതെ നിന്നു. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ അഫ്ഗാനിസ്ഥാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി.

81 പന്തുകള്‍ ബാക്കി നില്‍ക്കേയാണ് ഇന്ത്യന്‍ വിജയം. ഈ ലോകകപ്പിലെ ഏറ്റവും മികച്ച പവര്‍പ്ലേ സ്കോര്‍ കണ്ട മത്സരത്തില്‍ നിരവധി റെക്കോഡുകള്‍ പിറന്നു. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗമേറിയ രണ്ടാം അര്‍ദ്ധസെഞ്ചുറിയാണ് ഇന്ന് കെല്‍ രാഹുല്‍ 18 പന്തില്‍ നേടിയത്. 12 പന്തില്‍ ഈ റെക്കോഡ് നേടിയ യുവരാജ് സിങ്ങാണ് ലോക റെക്കോഡിന് അവകാശി.

പവര്‍പ്ലേയില്‍ 82 റണ്‍സാണ് ഇന്ത്യന്‍ ടീം നേടിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 പവര്‍പ്ലേ സ്കോറാണിത്. 3.5 ഓവറിലാണ് ഇന്ത്യ 50 റണ്‍സ് കടന്നത്. ഏറ്റവും വേഗത്തില്‍ 50 റണ്‍സ് കടന്ന ഇന്ത്യന്‍ റെക്കോഡും ഈ മത്സരത്തില്‍ പിറന്നു.

Previous articleഹാട്രിക്കുമായി ടീം ഇന്ത്യ. സ്കോട്ടലന്‍റിനെ മര്‍ദ്ദിച്ച് ഇന്ത്യന്‍ ടീം
Next articleഅഫ്ഗാനിസ്ഥാന്‍ അടുത്ത മത്സരത്തില്‍ തോറ്റാല്‍ എന്ത് ചെയ്യും ? ജഡേജയുടെ മറുപടി ഇങ്ങനെ