ഇന്ത്യയുടെ ട്വന്റി20 കോച്ചായി ഇവർ വരണം. നിർദ്ദേശവുമായി ഹർഭജൻ സിംഗ്.

2022ലെ ട്വന്റി20 ലോകകപ്പിലുണ്ടായ വമ്പൻ പരാജയത്തിനുശേഷം ഇന്ത്യയെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ട്വന്റി20 ക്രിക്കറ്റിലെ അസ്ഥിരത. ദ്വിരാഷ്ട്ര ട്വന്റി20 പരമ്പരകളിൽ ഇന്ത്യൻ ടീം വിജയം കാണുന്നുണ്ടെങ്കിലും പലപ്പോഴും വലിയ ടൂർണമെന്റ്കളിലേക്ക് പോകുമ്പോൾ പരാജയമായി മാറുകയാണ് പതിവ്. ഇതിന് വലിയൊരു പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യ പുതിയൊരു കോച്ചിനെ കണ്ടെത്തണം എന്നാണ് ഹർഭജൻ സിംഗ് നിർദ്ദേശിക്കുന്നത്. ഇതിനായി രണ്ട് മുൻ ഇന്ത്യൻ താരങ്ങളെയും ഹർഭജൻ സിംഗ് നിർദ്ദേശിക്കുകയുണ്ടായി.

“നിലവിൽ ഇന്ത്യയ്ക്ക് രണ്ട് നായകന്മാർ ഉണ്ട്. അതുപോലെതന്നെ രണ്ടു പരിശീലകരും ആവശ്യമാണ്. വ്യത്യസ്തമായി ചിന്തിക്കാനും പ്ലാനുകൾ നടപ്പിലാക്കാനും സാധിക്കുന്ന ഒരു പരിശീലകനെ നമ്മൾ ട്വന്റി20യ്ക്കായി കണ്ടെത്തണം. ന്യൂസിലാൻഡ് മുൻ നായകൻ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകൻ ആക്കിയതുപോലെ. വീരേന്ദർ സേവാഗിനെയോ ആശിഷ് നെഹ്രയെയോ പോലെയുള്ള പരിശീലകനെയാണ് നമുക്ക് ആവശ്യം.

Nehra and hardik

ഹർദിക്ക് നയിച്ച ഗുജറാത്ത് ടീമിന്റെ പരിശീലകനായി നെഹ്‌റ പ്രവർത്തിച്ചിട്ടുണ്ട്. ഐപിഎല്ലിൽ കപ്പടിക്കാനും ആ ഫ്രാഞ്ചൈസിക്ക് സാധിച്ചിട്ടുണ്ട്. അതിനാൽതന്നെ ട്വന്റി20 എന്ന സമീപനത്തെ പൂർണമായും മനസ്സിലാക്കാനും ടീമിനായി കൂടുതൽ മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്താനും സാധിക്കുന്ന ആരെയെങ്കിലും നമ്മൾ കണ്ടെത്തേണ്ടതുണ്ട്.”- ഹർഭജൻ പറയുന്നു.

“അങ്ങനെ ഒരു കോച്ചിനെ കണ്ടെത്തുകയാണെങ്കിൽ അയാൾ ട്വന്റി20 ക്രിക്കറ്റിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കണം. നെഹ്റയാണ് കോച്ചെങ്കിൽ നെഹ്റ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ ചാമ്പ്യൻമാരാക്കുന്നതിൽ മാത്രം ശ്രദ്ധിക്കണം. ഇതേസമയത്ത് രാഹുൽ ദ്രാവിഡ് ഇന്ത്യയെ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം നമ്പർ ടീമാക്കി മാറ്റുന്നതിൽ പൂർണമായും ശ്രദ്ധ ചെലുത്തണം.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.

dravid

ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടികൾ തന്നെയാണ് സമീപകാലത്ത് ഏഷ്യാകപ്പും ട്വന്റി20 ലോകകപ്പുമടക്കമുള്ള ടൂർണമെന്റ്കളിൽ ലഭിച്ചിട്ടുള്ളത്. 2024ൽ ഇനി ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീം.

Previous articleഇംഗ്ലണ്ടിന്റെ ബാസ്ബോൾ സമീപനം പരാജയപ്പെടും. മുന്നറിയിപ്പ് നൽകി രവിചന്ദ്രൻ അശ്വിൻ
Next articleആ മത്സരത്തിന് ശേഷം ഞാൻ എന്നും കരഞ്ഞിരുന്നു. എന്നാൽ ധോണിയും ധവാനും… ഇഷാന്ത്‌ ശർമ പറയുന്നു