അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്താൻ കുൽദീപ് യാദവിന് ഇനിയും കഴിയുമെന്ന മുൻ ഇന്ത്യൻ താരം മനീന്ദർ സിംഗ്. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ റിസ്റ്റ് സ്പിന്നർക്ക് ഇന്ത്യൻ ടീമിലെത്താൻ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തവണ നടന്ന ഐപിഎല്ലിലും തുടർന്ന് നടന്ന വെസ്റ്റിൻഡീസ് പരമ്പരയിലും താരം മികച്ച പ്രകടനം പുറത്തെടുത്തന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.
ഇക്കഴിഞ്ഞ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയായിരുന്നു താരം കളിച്ചത്. കളിക്കളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുവാൻ വേണ്ടി താരം ഏറെ കഠിനമായി പ്രയത്നിച്ചിട്ടുണ്ടെന്ന് തനിക്ക് മനസ്സിലായെന്ന് മുൻ ഇന്ത്യൻ താരം പറഞ്ഞു.
‘ശക്തമായ തിരിച്ചുവരവിനായി ഏറെ പ്രയത്നം കുൽദീപ് നടത്തിയിട്ടുണ്ടെന്ന് ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായുള്ള കഴിഞ്ഞ സീസണിലെ പ്രകടനം കണ്ടാൽ വ്യക്തമാണ് .ഒരു താരം തിരിച്ചുവരുമ്പോൾ അദ്ദേഹത്തിന്റെ ശരീരഭാഷയും മൈതാനത്തെ പ്രതികരണങ്ങളും കാണുമ്പോൾ ഏറെ
കഠിനപ്രയത്നം നടത്തിയതായി മനസിലാകും. ഡൽഹി ക്യാപിറ്റൽസിനായി മികച്ച പ്രകടനമാണ് കുൽദീപ് നടത്തിയത്.
ആ ആത്മവിശ്വാസമാണ് വെസ്റ്റ്
ഇൻഡീസിനെതിരെ കണ്ടത്. സ്ഥിരതയോടെ
പന്തെറിഞ്ഞാൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ താരത്തിന് ഇടംപിടിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. വിക്കറ്റ് എടുക്കുന്നതിനൊപ്പം മധ്യ ഓവറുകളിൽ എതിരാളികളുടെ റൺനിരക്ക് കുറയ്ക്കാനും താരത്തിനാകുന്നതായും.”-മനീന്ദർ സിംഗ് പറഞ്ഞു.