2024 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ വമ്പൻ മാറ്റങ്ങൾ ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ 37കാരനായ രോഹിത് ശർമയ്ക്ക് പകരക്കാരനായി മറ്റൊരു നായകൻ ഇന്ത്യയ്ക്ക് എത്തിയേക്കാം. ഇതിനോടകം തന്നെ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ വിരമിക്കാൻ സാധ്യതയുണ്ട് എന്ന വാർത്തകൾ പുറത്തുവന്നു കഴിഞ്ഞു.
ഈ സാഹചര്യത്തിൽ ഇന്ത്യയുടെ അടുത്ത നായകനായി മാറാൻ സാധ്യതയുള്ള താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയാണ് ടീമിന്റെ അടുത്ത നായകനായി വരാൻ ഏറ്റവും സാധ്യതയുള്ള താരമെന്ന് മഞ്ജരേക്കർ പറയുകയുണ്ടായി.
പിടിഐ ന്യൂസിനോട് സംസാരിക്കുന്ന സമയത്താണ് മഞ്ജരേക്കർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിലവിൽ ബൂമ്രയുടെ മികവ് ചൂണ്ടിക്കാട്ടിയാണ് മഞ്ജരേക്കർ സംസാരിച്ചത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറാണ് ബൂമ്ര എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മഞ്ജരേക്കർ സംസാരിച്ചത്.
“ഇക്കഴിഞ്ഞ സമയത്ത് ഐസിസി ടൂർണമെന്റുകളിലെല്ലാം രോഹിത് ശർമയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്. എന്നാൽ 2021- 22ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രോഹിത് ശർമയ്ക്ക് പുറത്തിരിക്കേണ്ട സാഹചര്യമുണ്ടായി. ആ സമയത്ത് ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിനം, ടെസ്റ്റ് എന്നീ ഫോർമാറ്റുകളിൽ വ്യത്യസ്തരായ ക്യാപ്റ്റന്മാരായിരുന്നു ഉണ്ടായിരുന്നത്. ഭാവിയിലും ഇന്ത്യ ഇതേ ട്രെൻഡിൽ തന്നെ മുന്നോട്ടുപോകാനാണ് സാധ്യത.”- മഞ്ജരേക്കർ പറയുന്നു.
“എന്നിരുന്നാലും എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ നയിക്കാൻ യോഗ്യനായ ഒരു താരത്തിനെയാണ് വേണ്ടതെങ്കിൽ, ഞാൻ നിർദ്ദേശിക്കുന്ന പേര് ജസ്പ്രീത് ബൂമ്രയുടെത് ആയിരിക്കും. ഒരു വർഷത്തെ എല്ലാ മത്സരങ്ങളിലും അണിനിരക്കാൻ ഒരു താരത്തെക്കൊണ്ട് സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ വ്യത്യസ്ത ഫോർമാറ്റുകളിൽ വ്യത്യസ്ത നായകകരുമായി ഇന്ത്യ മുന്നോട്ടു പോകാനാണ് സാധ്യത. എല്ലാ ഫോർമാറ്റിലും ഇന്ത്യ ബൂമ്രയെ നായകനാക്കണം എന്ന വാദമൊന്നും എനിക്കില്ല. എന്നാൽ മുഴുവൻ ഫോർമാറ്റിലും ഇന്ത്യയെ നയിക്കാൻ പ്രാപ്തിയുള്ള നായകൻ ബുമ്രയാണ് എന്ന് ഞാൻ ചൂണ്ടിക്കാട്ടുന്നു.”- മഞ്ജരേക്കർ കൂട്ടിച്ചേർത്തു.
നിലവിൽ ഇന്ത്യൻ ടീമിന്റെ ഉപനായകൻ കൂടിയാണ് ജസ്പ്രീറ്റ് ബുമ്ര. ഇന്ത്യയെ ടെസ്റ്റ്, ട്വന്റി20 മത്സരങ്ങളിൽ നയിച്ച പാരമ്പര്യം ബുമ്രയ്ക്കുണ്ട്. 2022ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലായിരുന്നു ബൂമ്ര നായകനായി അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ പരിക്ക് മൂലം രോഹിത് പിന്മാറുകയായിരുന്നു.
ശേഷമാണ് ബൂമ്ര നായകനായി എത്തിയത്. താൻ നായകനായെത്തിയ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിൽ എത്തിക്കാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനോട് മത്സരത്തിൽ ഇന്ത്യ പരാജയം നേരിട്ടിരുന്നു.