സൗത്താഫ്രിക്കക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇപ്രകാരം ഒരു മോശം പ്രകടനം ഇന്ത്യൻ താരങ്ങളിൽ നിന്നും ആരും തന്നെ പ്രതീക്ഷിച്ചില്ല. ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ നിർണായക ഏകദിന പരമ്പരയും കൈവിട്ടത് ഇന്ത്യൻ സ്‌ക്വാഡിൽ അനേകം മാറ്റങ്ങൾ സംഭവിക്കുമെന്നുള്ള പ്രധാന സൂചനയായി മാറി. വരാനിരിക്കുന്ന ഏകദിന പരമ്പരകളിൽ മാറ്റങ്ങൾക്ക് സാധ്യതകളുണ്ട് എന്നാണ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന്‍റെ അഭിപ്രായം. ഇപ്പോൾ സമാനമായിട്ടുള്ള ഒരു അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ സഞ്ജയ് മഞ്ജരേക്കർ. ഇന്ത്യൻ ടീമിന്റെ ബൗളിംഗ് നിരയെ കുറിച്ചാണ് സഞ്ജയ് മഞ്ജരേക്കർ നിരീക്ഷണം.5 വർഷം ശേഷം ഏകദിന പരമ്പരയിലേക്ക് എത്തിയ അശ്വിനെയും മുൻ താരം രൂക്ഷമായി വിമർശിച്ചു.
” 5 വർഷങ്ങൾ ശേഷമാണ് അശ്വിന്‍ ഏകദിന സ്‌ക്വാഡിലേക്ക് എത്തിയത്. സൗത്താഫ്രിക്കക്കെതിരെ ഏകദിന പരമ്പരയിൽ അശ്വിൻ കളിച്ചു എങ്കിലും അദ്ദേഹത്തിന് പ്രത്യേകിച്ച് ഒന്നും തന്നെ നേടിയെടുക്കാൻ കഴിഞ്ഞില്ല. ഒരു വ്യത്യാസവും അശ്വിൻ വന്നതോടെ ഇന്ത്യൻ ബൗളിങ്ങിൽ സംഭവിച്ചില്ല. വളരെ അവിചാരിതമായിട്ടാണ് അശ്വിൻ ഇന്ത്യൻ ഏകദിന ടീമിന്റെ ഭാഗമായത്. ചാഹലിനും തിരിച്ചുവരവിൽ ഒന്നും സൃഷ്ടിക്കാനായി കഴിഞ്ഞില്ല ” സഞ്ജയ് മഞ്ജരേക്കർ തുറന്ന് പറഞ്ഞു.
അതേസമയം ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയിലേക്ക് ചില മാറ്റങ്ങൾ കൊണ്ട് വരാൻ ടീം മാനേജ്മെന്റ് ശ്രമിക്കണം എന്നാണ് മഞ്ജരേക്കർ അഭിപ്രായം. “ഭുവി തന്റെ പഴയ മികവിലേക്ക് എത്തുമെന്ന് നമ്മൾ എല്ലാം പ്രതീക്ഷിച്ചെങ്കിലും ഈ പരമ്പരയിൽ അത് സംഭവിച്ചില്ല. അതോടെ ആ ഭാഗം അവസാനിച്ചുവെന്ന് ഞാൻ കരുതുന്നു. കൂടാതെ ഒരൊറ്റ ബോൾ കൊണ്ട് ദീപക് ചഹാർ താൻ മികച്ച ഒരു ഓപ്ഷനാണെന്ന് തെളിയിച്ചു കഴിഞ്ഞു. കൂടാതെ ഏകദിനത്തിൽ മുഹമ്മദ് ഷമിയെ നമുക്ക് ബുംറക്ക് ഒപ്പം പരീക്ഷിക്കാം. പ്രസീദ് കൃഷ്ണയും അവസരങ്ങൾ നൽകാനായി കഴിയുന്ന ഒരു ബൗളർ തന്നെയാണ് ” മുൻ ഇന്ത്യൻ താരം നിരീക്ഷണം വിശദമാക്കി