ദക്ഷിണാഫ്രിക്കയെ വീഴ്ത്താൻ ഇന്ത്യൻ ബോളർമാർ “പ്ലാൻ ബി” ഉപയോഗിക്കണം. നിർദ്ദേശവുമായി ഡോണാൾഡ്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം കേപ്ടൗണിൽ നടക്കുകയാണ്. ആദ്യ മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 32 റൺസിനുമാണ് ഇന്ത്യ പരാജയമറിഞ്ഞത്. അതിനാൽ തന്നെ അവസാന മത്സരത്തിൽ ഒരു വമ്പൻ വിജയം നേടി പരമ്പര സമനിലയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ രീതിയിൽ പിഴവുകൾ വന്നത് ബോളിങ്ങിലായിരുന്നു.

അതിനാൽ തന്നെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ബോളർമാർക്ക് കൃത്യമായ ഉപദേശം നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം അലൻ ഡോണാൾഡ്. ദക്ഷിണാഫ്രിക്കൻ മൈതാനത്ത് ഏതു തരത്തിലാണ് പന്ത് എറിയേണ്ടത് എന്നതിനെ സംബന്ധിച്ചാണ് ഡൊണാൾഡ് പറയുന്നത്.

മത്സരത്തിൽ ഇന്ത്യയുടെ സ്പിന്നർമാരും കൃത്യത പാലിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ഡൊണാൾഡ് കരുതുന്നു. “ദക്ഷിണാഫ്രിക്ക മത്സരത്തിൽ വലിയൊരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ, ബോളർമാർ കൃത്യതയോടെ ഷോട്ട് പന്തുകളും ഫുൾ ബോളുകളും എറിയാൻ തയ്യാറാവണം. ഒരു വശത്ത് സ്പിന്നർമാർ പിടിമുറുക്കുകയും, മറുവശത്ത് സീമർമാർ കൃത്യമായ ലൈനും ലെങ്ത്തും പാലിക്കുകയും ചെയ്യണം. മത്സരം മുന്നോട്ടു പോകുമ്പോൾ കൂട്ടുകെട്ട് തുടരുകയാണെങ്കിൽ ബോളർമാർ റിവേഴ്സ് സിംഗിനെ ആശ്രയിക്കേണ്ടതുണ്ട്.”- അലൻ ഡൊണാൾഡ് പറയുന്നു.

കുക്കാബുറ ബോളുകൾ ആദ്യ 20- 25 ഓവർകൾക്ക് ശേഷം ദക്ഷിണാഫ്രിക്കയിൽ സിംഗ് ചെയ്യില്ല എന്നാണ് ഡോണാൾഡ് കരുതുന്നത്. അതിനാൽ തന്നെ പന്ത് കഠിനമായി പിച്ച് ചെയ്യിക്കാൻ സാധിക്കുന്ന ബോളർമാരെയാണ് ആവശ്യമെന്നും ഡൊണാൾഡ് പറയുകയുണ്ടായി.

“ബോളിങ്ങിനെ കൃത്യമായി നിരീക്ഷിക്കുന്ന ഒരു ദക്ഷിണാഫ്രിക്കൻ തലമുറയാണ് ഇപ്പോൾ ഉള്ളത്. അവരെപ്പറ്റി നമ്മൾ സംസാരിക്കാറുണ്ട്. ഇവിടെ ബോളുകൾ വളരെ ദൈർഘ്യമേറിയ സമയത്തേക്ക് സിംഗ് ചെയ്യുകയില്ല. അതിനാൽ തന്നെ ബോൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുക്കാബുറ പന്തുകൾ 20-25 ഓവർകൾക്ക് ശേഷം സിംഗ് ചെയ്യാൻ സാധ്യത കുറവാണ്. അതിനാൽ പന്ത് കൂടുതൽ ശക്തമായി പിച്ച് ചെയ്യിക്കാനാണ് ഇന്ത്യൻ ബോളർമാർ ശ്രമിക്കേണ്ടത്.”- ഡൊണാൾഡ് കൂട്ടിച്ചേർത്തു. ആദ്യ മത്സരത്തിൽ ഇന്ത്യ വരുത്തിയ പിഴവുകൾ മറികടന്ന് രണ്ടാം മത്സരത്തിൽ മികവ് പുലർത്തണം എന്നാണ് ഡൊണാൾഡ് അഭിപ്രായപ്പെടുന്നത്.

എന്നിരുന്നാലും ബോളിങ്ങിൽ വലിയ വെല്ലുവിളികൾ തന്നെ ഇന്ത്യയ്ക്ക് മുൻപിലുണ്ട്. മുഹമ്മദ് ഷാമിക്ക് പരിക്കേറ്റതടക്കം ഇന്ത്യയെ വേട്ടയാടുന്നു. പകരക്കാരായ പ്രസീദ് കൃഷ്ണ അടക്കമുള്ള ബോളർമാരൊന്നും ആദ്യ മത്സരത്തിൽ മികവ് പുലർത്തിയിരുന്നില്ല. ആദ്യ ടെസ്റ്റിൽ ബുമ്ര 4 വിക്കറ്റുകളുമായി ഇന്ത്യക്കായി തിളങ്ങി. എന്നാൽ മറ്റു ബോളർമാർ അവസരത്തിന് ഉയരാതെ വന്നതോടെ ഇന്ത്യ അടിയറവ് പറയുകയായിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇത്തരം പിഴവുകൾ ഇന്ത്യ ആവർത്തിക്കില്ല എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Previous articleഅഫ്ഗാനെതിരായ ട്വന്റി20 ടീമിൽ ? വലിയ സൂചന നൽകി സഞ്ജു സാംസൺ.
Next articleസഞ്ജു അടക്കമുള്ളവർക്ക് ലോകകപ്പിൽ കളിക്കാൻ അവസരം.. ഐപിഎല്ലിൽ തിളങ്ങണമെന്ന് ബിസിസിഐ ഉപാധി..