പാക് പടയെ തകര്‍ത്ത് ഇന്ത്യൻ പെൺപുലികൾ. ലോകകപ്പിൽ 6 വിക്കറ്റുകളുടെ വിജയം

ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ പെൺപട. പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 6 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ദയനീയമായ പരാജയം ഇന്ത്യൻ ടീമിന് നേരിടേണ്ടി വന്നു.

അവിടെ നിന്ന് ശക്തമായ ഒരു തിരിച്ചുവരവ് തന്നെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയിരിക്കുന്നത്. 3 വിക്കറ്റുകൾ സ്വന്തമാക്കിയ അരുന്ധതി റെഡിയാണ് മത്സരത്തിൽ ഇന്ത്യയ്ക്കായി ബോളിങ്ങിൽ തിളങ്ങിയത്. ബാറ്റിംഗിൽ ഓപ്പണർ ഷഫാലീ വർമയും നായിക ഹർമൻപ്രീറ്റ് കൗറും മികവ് പുലർത്തുകയുണ്ടായി.

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ വനിതകൾ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു  വളരെ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് രേണുക സിംഗ് നൽകിയത്. പാക്കിസ്ഥാൻ ഓപ്പണർ ഫിറോസയെ പൂജ്യയാക്കി മടക്കാൻ രേണുകയ്ക്ക് സാധിച്ചു. തൊട്ടുപിന്നാലെ അരുന്ധതി റെഡി കൂടി മികച്ച പ്രകടനം പുറത്തെടുത്തതോടെ പാക്കിസ്ഥാൻ പതറി. പാക്കിസ്ഥാനായി മധ്യനിരയിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത് നിദാ ദാറാണ്. 34 പന്തുകളിൽ 28 റൺസ് ആണ് ദാർ നേടിയത്. എന്നാൽ മറ്റു ബാറ്റർമാരൊക്കെയും മത്സരത്തിൽ പരാജയപ്പെട്ടതോടെ പാകിസ്താന്റെ സ്കോർ കേവലം 105 റൺസിൽ അവസാനിച്ചു.

ഇന്ത്യക്കായി തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയാണ് അരുന്ധതി റെഡ്‌ഡിയും ശ്രീയങ്ക പാട്ടിലും കാഴ്ചവെച്ചത്. അരുന്ധതി  19 റൺസ് മാത്രം വിട്ടുനൽകിയാണ് 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. ശ്രേയങ്ക 2 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് പവർപ്ലേയിൽ തന്നെ സ്മൃതി മന്ദനയുടെ വിക്കറ്റ് നഷ്ടമായി. പക്ഷേ ഒരുവശത്ത് ഷഫാലീ വർമ പക്വതയാർന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു. അങ്ങേയറ്റം മികച്ച രീതിയിൽ ഇന്ത്യയെ മുൻപിലേക്ക് നയിക്കാൻ ഷഫാലിക്ക് സാധിച്ചു. ഒപ്പം മൂന്നാമതായി ക്രീസിലെത്തിയ ജമീമ റോഡ്രിഗസ് മികവ് പുലർത്തിയതോടെ ഇന്ത്യ പതിയെ വിജയത്തിന് അടുത്തേക്ക് നീങ്ങി.

ജമീമയ്ക്ക് ശേഷമെത്തിയ റിച്ചാ ഘോഷ് പൂജ്യയായി മടങ്ങിയത് ഇന്ത്യയെ തകർത്തിരുന്നു. പക്ഷേ ഒരുവശത്ത് നായിക ഹർമൻ പ്രീറ്റ് കൗർ ക്രീസിലുറച്ച് പക്വതയാർന്ന പ്രകടനം കാഴ്ച വച്ചതോടെ ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. ഹർമൻപ്രീറ്റ് മത്സരത്തിൽ 24 പന്തുകളിൽ 29 റൺസ് നേടി ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിജയമാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ ടൂർണമെന്റിലേക്ക് എത്തിയ ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിൽ ഒരു വമ്പൻ പരാജയം തന്നെയായിരുന്നു ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിൽ നിന്ന് തിരിച്ചുവരാനുള്ള ആത്മവിശ്വാസം പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ചു കഴിഞ്ഞു.

Previous articleലോകകപ്പ് നേടിത്തന്നത് പന്തിന്റെ ആ “പരിക്ക് തന്ത്രം” രോഹിത് ശർമ വെളിപ്പെടുത്തുന്നു.
Next articleഅവസരം മുതലാക്കി സഞ്ചു സാംസണ്‍. ഓപ്പണിങ്ങിറങ്ങി 19 പന്തിൽ 29 റൺസ്.