ഏഷ്യകപ്പിൽ പാകിസ്ഥാനെ തുരത്തി ഇന്ത്യൻ വനിതകൾ. മന്ദന – ഷഫാലി ഷോയിൽ 7 വിക്കറ്റ് വിജയം.

GS20y LbIAAbXCR scaled

2024 വനിതാ ഏഷ്യകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. പാക്കിസ്ഥാൻ വനിതകളെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സൂപ്പർ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി ദീപ്തി ശർമ 3 വിക്കറ്റുകളുമായി മിന്നും പ്രകടനം കാഴ്ചവച്ചു.

ബാറ്റിംഗിൽ സ്മൃതി മന്ദനയും ഷഫാലി വർമയും മികവ് പുലർത്തിയപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ ഏഷ്യാകപ്പ് ക്യാമ്പയിനിൽ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്.

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു തുടക്കം മുതൽ പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. മൂന്നാമതായി ക്രീസിലെത്തിയ അമീന്‍ മാത്രമാണ് പാക്കിസ്ഥാനായി മുൻനിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്. അമീൻ 35 പന്തുകളിൽ 25 റൺസാണ് നേടിയത്.

ശേഷം പാക്കിസ്ഥാൻ വീണ്ടും പതറി. പിന്നീട് മധ്യനിരയിൽ തുബാ ഹസനും ഫാത്തിമ സനയും ചേർന്നാണ് പാക്കിസ്ഥാനെ കരകയറ്റിയത്. തുബാ ഹസൻ 19 പന്തുകളിൽ 22 റൺസ് നേടിയപ്പോൾ ഫാത്തിമ സന 16 പന്തുകളിൽ 26 റൺസ് ആണ് നേടിയത്.

Read Also -  ബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ ഷാമി.

മറുവശത്ത് ഇന്ത്യക്കായി ബോളർമാരൊക്കെയും മികച്ച പ്രകടനങ്ങൾ തന്നെ പുറത്തെടുത്തു. ദീപ്തി ശർമ 20 റൺസ് വിട്ടു നൽകിയാണ് 3 വിക്കറ്റ് സ്വന്തമാക്കിയത്. രേണുക സിംഗ്, ശ്രെയങ്ക പാട്ടിൽ, പൂജാ വസ്ത്രക്കർ എന്നിവർ 2 വിക്കറ്റുകൾ വീതവും സ്വന്തമാക്കുകയുണ്ടായി. ഇങ്ങനെ പാക്കിസ്ഥാന്റെ ഇന്നിങ്സ് കേവലം 108 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം തന്നെയാണ് ഷഫാലീ വർമയും സ്മൃതി മന്ദനയും നൽകിയത്. ഇരുവരും ചേർന്ന് പവർപ്ലെ ഓവറുകളിൽ പാക്കിസ്ഥാനെ പൂർണമായും സമ്മർദ്ദത്തിലാക്കി.

ആദ്യ വിക്കറ്റിൽ 85 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ഷഫാലി വർമ മത്സരത്തിൽ 29 പന്തുകളിൽ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം 40 റൺസ് സ്വന്തമാക്കി. സ്മൃതി മന്ദന 31 പന്തുകളിൽ 9 ബൗണ്ടറികളടക്കം 45 റൺസാണ് നേടിയത്. ഇതോടുകൂടി ഇന്ത്യ അനായാസ വിജയത്തിൽ എത്തുകയായിരുന്നു. 7 വിക്കറ്റുകൾക്കാണ് മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയത്. യുഎഇക്കെതിരെ ജൂൺ 21നാണ് ഇന്ത്യയുടെ ടൂർണമെന്റിലെ രണ്ടാം മത്സരം നടക്കുക.

Scroll to Top