ഏഷ്യൻ ഗെയിംസിന്റെ സെമിഫൈനലിൽ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ പെൺപുലികൾ. മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 51 എന്ന ചെറിയ സ്കോറിൽ ഒതുക്കാൻ ഇന്ത്യൻ പെൺപുലികൾക്ക് സാധിച്ചു. ഇന്ത്യയ്ക്കായി 4 വിക്കറ്റുകൾ സ്വന്തമാക്കിയ പൂജാ വസ്ത്രക്കറാണ് മത്സരത്തിൽ മികവ് പുലർത്തിയത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയ ആവേശം നൽകുന്ന വിജയം തന്നെയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ബംഗ്ലാദേശിനെ ഞെട്ടിക്കാൻ പൂജ വസ്ത്രക്കറിന് സാധിച്ചു. ബംഗ്ലാദേശ് ഓപ്പൺമാരെ പൂജ്യരാക്കി മടക്കിയാണ് പൂജ വീര്യം കാട്ടിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യൻ നിരയ്ക്ക് സാധിച്ചിരുന്നു.
ബംഗ്ലാദേശ് നിരയിൽ 17 പന്തുകളിൽ 12 റൺസ് നേടിയ നിഗർ സുൽത്താന മാത്രമാണ് രണ്ടക്കം കണ്ടത്. മറ്റൊരു ബാറ്റർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. അങ്ങനെ ബംഗ്ലാദേശ് ഇന്നിങ്സ് കേവലം 51 റൺസിൽ അവസാനിക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി പൂജാ വസ്ത്രക്കാർ നാലോവറുകളിൽ 17 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറ്റു ബോളർമാരും മത്സരത്തിൽ ഓരോ വിക്കറ്റുകൾ നേടി ബംഗ്ലാദേശിനെ ചുരുട്ടി കെട്ടി. 52 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി തരക്കേടില്ലാത്ത തുടക്കമാണ് സ്മൃതി മന്ദനയും ഷഫാലീ വർമ്മയും നൽകിയത്. എന്നാൽ 12 പന്തുകളിൽ 7 റൺസ് നേടിയ സ്മൃതിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് പവർപ്ലേ ഓവറുകളിൽ തന്നെ നഷ്ടമായി. പക്ഷേ ഷഫാലി വർമയും റോഡ്രിഗസും ക്രീസിൽ ഉറച്ചതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.
ഷഫാലി വർമ മത്സരത്തിൽ 21 പന്തുകളിൽ 17 റൺസാണ് നേടിയത്. ജെമിമ റോഡ്രിഗസ് മത്സരത്തിൽ 15 പന്തുകളിൽ 20 റൺസാണ് നേടിയത്. അങ്ങനെ മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 70 പന്തുകൾ ബാക്കി നിൽക്കവെയാണ് ഇന്ത്യയുടെ ഈ കൂറ്റൻ വിജയം.
ഈ വിജയത്തോടെ ഇന്ത്യ ഏഷ്യാഡിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിൽ നടക്കുന്ന സെമി ഫൈനലിലെ വിജയികളാവും ഇന്ത്യയുടെ ഫൈനലിലെ എതിരാളികൾ. നാളെ ഇന്ത്യൻ സമയം രാവിലെ 11.30നാണ് ഫൈനൽ മത്സരം നടക്കുക.