ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ആവേശോജ്ജ്വലമായ അവസാന ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. മത്സരത്തിന്റെ അവസാന ദിവസം ഇരു ടീമുകൾക്കും മുമ്പിൽ വലിയ അവസരം തന്നെയാണുള്ളത്. എന്നിരുന്നാലും മത്സരത്തിൽ അല്പം ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് ഓസ്ട്രേലിയയാണ് എന്ന കാര്യം ഉറപ്പാണ്. പക്ഷേ അവസാന ദിവസം തങ്ങൾക്ക് വിജയം കണ്ടെത്താനാവും എന്ന് 100% വിശ്വാസമുണ്ട് എന്നാണ് ഇന്ത്യൻ മുഹമ്മദ് ഷാമി പറഞ്ഞിരിക്കുന്നത്. നാലാം ദിവസത്തെ മത്സരത്തിനുശേഷം സംസാരിക്കവെയാണ് മുഹമ്മദ് ഷാമി ഇക്കാര്യം വെളിപ്പെടുത്തിയത്.
“മത്സരത്തിന്റെ അഞ്ചാം ദിവസം ഞങ്ങൾക്ക് വിജയിക്കാൻ സാധിക്കുമെന്ന് എനിക്ക് 100% ഉറപ്പുണ്ട്. ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ഞങ്ങൾ പൂർണ്ണമായി വിശ്വാസമർപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ മത്സരത്തിലും ഞങ്ങൾ വിശ്വസിക്കുന്നു. മത്സരത്തിൽ ഒരു വലിയ വിജയം കണ്ടെത്താനായി ഒത്തുചേർന്ന് ഞങ്ങൾ പ്രയത്നിക്കും.”- മുഹമ്മദ് ഷാമി പറഞ്ഞു. അവസാന ദിവസം ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റുകൾ അവശേഷിക്കെ 280 റൺസാണ് വിജയിക്കാൻ വേണ്ടത്.
“മറ്റ് സ്റ്റേഡിയങ്ങളിൽ നമ്മൾക്ക് എന്തു സംഭവിച്ചു എന്നത് ഞാൻ ചിന്തിക്കുന്നില്ല. അത് ഇവിടെ ഒരു പ്രശ്നമല്ല. ഇവിടെ നന്നായി കളിക്കുക എന്നതിലാണ് കാര്യം. അവസാന ദിവസത്തെ മത്സരത്തെക്കുറിച്ച് മാത്രമാണ് ഞങ്ങൾ ചിന്തിക്കുന്നത്. ഞങ്ങൾ മത്സരത്തിൽ വിജയിക്കുക തന്നെ ചെയ്യും. മത്സരം അഞ്ചാം ദിവസത്തെ അവസാന സെഷനിലേക്ക് നീണ്ടുനിൽക്കും എന്നാണ് ഞാൻ കരുതുന്നത്. അതാണ് യഥാർത്ഥത്തിൽ ഒരു പരീക്ഷണം. അതിനായി ഞങ്ങൾ നന്നായി ശ്രമിക്കുക തന്നെ ചെയ്യും.” ഷാമി കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ 444 റൺസിന്റെ വിജയലക്ഷ്യമാണ് ഓസ്ട്രേലിയ ഇന്ത്യക്ക് മുൻപിലേക്ക് വെച്ചിട്ടുള്ളത്. നാലാം ദിവസം മത്സരം അവസാനിക്കുമ്പോൾ 164ന് 3 നിലയിലാണ് ഇന്ത്യ നിൽക്കുന്നത്. ഇനി 280 റൺസ് കൂടി മത്സരത്തിൽ വിജയത്തിന് ആവശ്യമായി വേണ്ടതിനാൽ തന്നെ വലിയ പ്രതിസന്ധിയിലാണ് ഇന്ത്യ. എന്നിരുന്നാലും നാലാം ദിവസത്തെ വിരാട് കോഹ്ലിയുടെയും അജിങ്ക്യ രഹാനെയുടെയും ബാറ്റിംഗ് മികവ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്.