ഓസീസ് പേസർമാർക്ക് മുമ്പിൽ ഇന്ത്യൻ മുൻനിര വിയർക്കും. മുന്നറിയിപ്പ് നൽകി മുൻ ഓസീസ് താരം.

ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് വലിയ മുന്നറിയിപ്പ് നൽകി ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ. ഓസ്ട്രേലിയൻ മണ്ണിൽ ഓസ്ട്രേലിയയുടെ പേസ് അറ്റാക്കിനെ കൈകാര്യം ചെയ്യാൻ ഇന്ത്യയ്ക്ക് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെ ആവശ്യമാണ് എന്നാണ് ഹാഡിൻ പറഞ്ഞിരിക്കുന്നത്.

അല്ലാത്തപക്ഷം തങ്ങളുടെ പേസർമാരെ നേരിടാൻ ഇന്ത്യ നന്നായി വിയർക്കുമെന്ന് ഹാഡിൻ തുറന്നു പറഞ്ഞിരിക്കുന്നു. മുൻ ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ചുമായി നടത്തിയ അഭിമുഖത്തിലാണ് ഹാഡൻ ഇക്കാര്യം പറഞ്ഞത്. പരമ്പരയിൽ ഇരു രാജ്യങ്ങളുടെയും ഓപ്പണർമാർ നന്നായി ബുദ്ധിമുട്ടുമെന്നും ഹാഡിൻ ചർച്ചയിൽ കൂട്ടിച്ചേർക്കുകയുണ്ടായി.

പേർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര തകരാനുള്ള എല്ലാ സാധ്യതയും താൻ കാണുന്നുണ്ട് എന്ന് ഹാഡിൻ പറഞ്ഞിരുന്നു. “ഓസ്ട്രേലിയയുടെ പേസ് ബോളർമാർക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിക്കുമെന്ന് ഞാൻ ഇപ്പോഴും കരുതുന്നില്ല. ജയസ്വാൾ വളരെ മികച്ച താരമാണ് എന്നെനിക്ക് അറിയാം. പക്ഷേ ഇതിന് മുൻപ് ഓസ്ട്രേലിയൻ സാഹചര്യത്തിൽ കളിച്ച പരിചയസമ്പന്നത അവനില്ല. അതുകൊണ്ടു തന്നെ ഇവിടുത്തെ ബൗൺസ് കൃത്യമായി കൈകാര്യം ചെയ്യാൻ അവന് സാധിക്കുമെന്നും ഞാൻ വിശ്വസിക്കുന്നില്ല. പെർത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ അവൻ ഒരുപാട് പ്രയത്നിക്കേണ്ടി വരും.”- ഹാഡിൻ പറഞ്ഞു.

എന്നാൽ ഹാഡിന്റെ ഈ പ്രസ്താവനയോട് വിരുദ്ധമായാണ് ഫിഞ്ച് സംസാരിച്ചത്. ഇരു ടീമുകളുടെയും ഓപ്പണർമാർ വലിയ പ്രശ്നങ്ങൾ പെർത്തിൽ നേരിടേണ്ടി വരും എന്നാണ് ഫിഞ്ച് പറഞ്ഞത്. “എനിക്ക് തോന്നുന്നു ഈ പരമ്പരയിൽ ഏറ്റവും നിർണായക റോൾവഹിക്കാൻ പോകുന്നത് അലക്സ് കെയറിയും റിഷഭ് പന്തുമാണെന്ന്. 2 വിക്കറ്റ് കീപ്പർമാർക്കും ഇതൊരു വലിയ പരമ്പര തന്നെയാണ്.  2 രാജ്യങ്ങളുടെയും മുൻനിര ബാറ്റർമാർ വലിയ പ്രതിസന്ധികൾ നേരിടും. കാരണം ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പേസ് ബോളിംഗ് അറ്റാക്ക് വളരെ മികച്ചതാണ്. അതുകൊണ്ടു തന്നെയാണ് മധ്യനിരയിൽ കളിക്കുന്ന അലക്സ് കെയറിയും റിഷഭ് പന്തും വളരെ നിർണായകമാകുമെന്ന് ഞാൻ പറഞ്ഞത്.”- ഫിഞ്ച് പറയുന്നു.

“കെയറി മധ്യനിരയിൽ വളരെ ആക്രമണ മനോഭാവത്തോടെ കളിക്കുന്ന താരമാണ്. പന്തും ഇത്തരത്തിൽ ആക്രമണപരമായാണ് മത്സരത്തെ നോക്കി കാണുന്നത്. അതുകൊണ്ടു തന്നെ മത്സരത്തിൽ വളരെ പെട്ടെന്ന് തന്നെ വഴിത്തിരിവ് ഉണ്ടാക്കിയെടുക്കാൻ ഇരു താരങ്ങൾക്കും സാധിക്കും. അതാണ് ഈ പരമ്പരയിൽ ഏറ്റവും നിർണായകമാകാൻ പോകുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.”- ഫിഞ്ച് കൂട്ടിച്ചേർത്തു. നവംബർ 22നാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം നടക്കുന്നത്.

Previous article“മൂന്നാം നമ്പർ തിലക് വർമ ചോദിച്ചു വാങ്ങിയത്, കിട്ടിയ അവസരം നന്നായി മുതലാക്കി”- സൂര്യകുമാർ.
Next articleബുമ്രയെയും മറികടന്ന് അർഷദീപ്. ഇന്ത്യയുടെ ട്വന്റി20 വിക്കറ്റ് വേട്ടക്കാരിൽ കുതിച്ചുചാട്ടം.