ആ 2 പേർ ഇല്ലാതെ ഇന്ത്യയ്ക്ക് ലോകകപ്പ് കിട്ടില്ല. തഴഞ്ഞത് മണ്ടൻ തീരുമാനമെന്ന് അക്തർ.

ഇന്ത്യയുടെ ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത് മുതൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ടീമിൽ സ്ഥാനം അർഹിച്ച പല താരങ്ങളും ടീമിന് പുറത്താണ്. ഇതിൽ പ്രധാനിയാണ് മലയാളി താരം സഞ്ജു സാംസനും സ്പിന്നർ ചാഹലും. കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഇരുതാരങ്ങൾക്കും ഇന്ത്യയുടെ സ്ക്വാഡിൽ ഇടം ലഭിച്ചില്ല. ഇപ്പോൾ ചാഹലിനെയും അർഷദീപ് സിംഗിനേയും ലോകകപ്പ് ടീമിൽ ഇന്ത്യ ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. അർഷദീപ് സിംഗിനെയും ചാഹലിനെയും ടീമിൽ ഉൾപ്പെടുത്താത്തത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളെ ബാധിക്കും എന്നാണ് അക്തർ പറയുന്നത്.

ഇന്ത്യ, ബോളർമാരിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടിയിരുന്നുവെന്നും അതിന് പ്രത്യേക പ്രാധാന്യമുണ്ടന്നും അക്തർ പറയുന്നു. “എന്തുകൊണ്ടാണ് ഇന്ത്യ ചാഹലിനെ തിരഞ്ഞെടുക്കാത്തത് എന്നത് എനിക്ക് മനസ്സിലാകുന്നില്ല. ലോകകപ്പിൽ ഇന്ത്യ ഒരു സാഹചര്യത്തിൽ 180 റൺസിനോ 200 റൺസിനോ പുറത്താവുകയാണെങ്കിൽ, അവിടെ അവർക്ക് ആവശ്യം ബോളർമാരാണ്. അവരാണ് മികച്ച പ്രകടനം നടത്തേണ്ടത്. ആദ്യത്തെ അഞ്ച് ബാറ്റര്‍മാർക്ക് മത്സരത്തിൽ ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഏഴോ എട്ടോ നമ്പറിൽ ഇറങ്ങുന്നയാൾക്ക് എന്ത് ചെയ്യാൻ കഴിയും.”- അക്തർ ചോദിക്കുന്നു.

“ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്ന ലോകകപ്പ് സ്ക്വാഡിൽ ഒരു ബോളറുടെ കുറവുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യ തങ്ങളുടെ ബോളിങ്ങിൽ കൂടുതൽ വൈവിധ്യം കൂട്ടാൻ ശ്രമിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ഇടംകയ്യൻ പേസറായ അർഷദീപ് സിംഗിനെയും ഇന്ത്യ ടീമിലേക്ക് തിരഞ്ഞെടുക്കേണ്ടിയിരുന്നു. കാരണം പാക്കിസ്ഥാൻ പോലെയുള്ള നിലവാരമുള്ള ടീമുകളോട് കളിക്കുമ്പോൾ ഇന്ത്യയ്ക്ക് ഇടങ്കയ്യൻ സീമർന്മാർ അത്യാവിശം തന്നെയായിരുന്നു.”- അക്തർ കൂട്ടിച്ചേർത്തു.

നിലവിലെ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ചാഹലിനും അർഷദീപിനും സ്ഥാനമില്ല. ടീമിൽ കുൽദീപ് യാദവ് മാത്രമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നറായി ഉള്ളത്. ശേഷം രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർ സ്പിന്‍ ഓള്‍റൗണ്ടറുടെ റോളിൽ കളിക്കും. പേസ് ബോളിങ്ങിൽ മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ബുമ്ര എന്നിവരാണ് പ്രാഥമിക ബോളർമാർ. അർഷദീപ് സിംഗിനെ ഇന്ത്യ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തിയില്ല എന്നത് വലിയ ചോദ്യചിഹ്നമായി തന്നെ നിൽക്കുകയാണ്.