ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ 3- 1 എന്ന നിലയിൽ പരാജയം നേരിട്ട ഇന്ത്യൻ ടീമിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. പരമ്പരയിലെ പരാജയത്തിന് ശേഷം വലിയ വിമർശനങ്ങളാണ് ഇന്ത്യയുടെ ഹെഡ് കോച്ചായ ഗൗതം ഗംഭീറും സീനിയർ താരങ്ങളായ രോഹിത്, വിരാട് കോഹ്ലി എന്നിവരും നേരിടുന്നത്.
എന്നാൽ ഈ സമയത്ത് വളരെ വ്യത്യസ്തമായ നിലപാടുമായാണ് കൈഫ് രംഗത്തെത്തിയിരിക്കുന്നത്. 2025 ചാമ്പ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 23ന് നടക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയാണെങ്കിൽ ജനങ്ങൾ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ഇന്ത്യയുടെ പരാജയം മറക്കുമെന്നാണ് കൈഫിന്റെ അഭിപ്രായം.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കണമെങ്കിൽ ഇന്ത്യ ഇനിയും ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട് എന്ന് കൈഫ് പറയുന്നു. പ്രധാനമായും ഇന്ത്യ സീം സാഹചര്യമുള്ള പിച്ചുകളിൽ കളിച്ച് തയ്യാറാവണം എന്നാണ് കൈഫിന്റെ അഭിപ്രായം. “ഫെബ്രുവരി 23ന് പാക്കിസ്ഥാൻ ടീമിനെ ചാമ്പ്യൻസ് ട്രോഫിയിൽ പരാജയപ്പെടുത്തുന്നതോടെ ഇന്ത്യക്ക് ഒരുപാട് അഭിനന്ദനങ്ങൾ ലഭിക്കും. നമ്മൾ നിശ്ചിത ഓവർ ക്രിക്കറ്റിലെ ചാമ്പ്യൻ ടീമാണ് എന്ന് എല്ലാവരും ഇന്ത്യയെ വാഴ്ത്തും. പക്ഷേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയം സ്വന്തമാക്കണമെങ്കിൽ ഇന്ത്യ കൃത്യമായി ഒരു ടെസ്റ്റ് ടീം കെട്ടിപ്പടുക്കേണ്ടതുണ്ട്. എങ്ങനെയാണ് സീമിംഗ് ട്രാക്കുകളിൽ കളിക്കേണ്ടത് എന്ന് ഇന്ത്യൻ ബാറ്റർമാർ മനസ്സിലാക്കേണ്ടതുണ്ട്.”- കൈഫ് പറയുന്നു.
“നമ്മൾ ഇപ്പോഴും നിശ്ചിത ഓവർ ക്രിക്കറ്റിൽ മാത്രം മികവ് പുലർത്തുന്ന ടീമാണ് എന്നതാണ് സത്യം. കാരണം അതിലേക്ക് നമ്മൾ വന്നു പോയതാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകളിൽ വിജയം സ്വന്തമാക്കണമെങ്കിൽ നമ്മൾ ആഭ്യന്തര ക്രിക്കറ്റ് മുതൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. ആഭ്യന്തര ക്രിക്കറ്റിൽ താരങ്ങൾക്ക് ടേണിങ് വിക്കറ്റുകളിലും സീമിംഗ് ട്രാക്കുകളിലും പരിശീലനങ്ങൾ നൽകണം. അല്ലാത്തപക്ഷം ഇത്തരത്തിലുള്ള ടൂർണമെന്റുകളിൽ നമുക്ക് വിജയിക്കാൻ കഴിയില്ല.”- കൈഫ് കൂട്ടിച്ചേർക്കുന്നു.
“ഓസ്ട്രേലിയയിൽ ഇന്ത്യ 1-3 എന്ന മാർജിനിലാണ് പരാജയപ്പെട്ടത്. ഇന്ത്യയെ സംബന്ധിച്ച് ഇത് ഒരു വേക്കപ്പ് കോളാണ്. കാരണം ഈ സമയത്ത് നമ്മൾ ടെസ്റ്റിലേക്ക് കൂടുതലായി ശ്രദ്ധ ചെലുത്തണം. ഈ പരാജയം ഒരിക്കലും ഗൗതം ഗംഭീറിന്റെ മാത്രം തെറ്റല്ല. ഇന്ത്യൻ നിരയിലെ എല്ലാ താരങ്ങളും രഞ്ജി ട്രോഫി കളിക്കാൻ തയ്യാറാവണം. ആരും തന്നെ വിശ്രമം എടുക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ സമയങ്ങളിൽ ഇതാണ് ഇന്ത്യയ്ക്ക് സംഭവിച്ചത്. രഞ്ജി ട്രോഫിയും മറ്റു പരിശീലന മത്സരവും കളിക്കാത്ത ഒരു താരത്തിന് എങ്ങനെ മികച്ച ക്രിക്കറ്ററായി മാറാൻ സാധിക്കും. ഇന്ത്യയിലെ ടെണിംഗ് വിക്കറ്റുകളും ഓസ്ട്രേലിയയിലെ സീമിംഗ് വിക്കറ്റുകളുമൊക്കെ താരങ്ങൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് വലിയ പരിശീലനമാണ് നമുക്ക് ആവശ്യം.”- കൈഫ് പറഞ്ഞുവെക്കുന്നു.