വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനു 3 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 8 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച്ച നടക്കും
വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനു പതിഞ്ഞ തുടക്കമാണ് ലഭിച്ചത്.ആദ്യ വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും 31 ബോളുകള്‍ എടുത്തു. ആറാം ഓവറില്‍ 10 പന്തില്‍ 9 റണ്‍സ് നേടിയ കെയ്ല്‍ മയേഴ്സിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തൊട്ടു പിന്നാലെ 30 പന്തില്‍ 22 റണ്‍സ് നേടിയ ബ്രാണ്ടന്‍ കിങ്ങും പുറത്തായി.
പിന്നീട് എത്തിയ നിക്കോളസ് പൂരനും പവലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 60 പന്തില്‍ 100 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇരുവരും അര്‍ദ്ധസെഞ്ചുറി നേടി. 41 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 62 റണ്‍സാണ് നേടിയത്. അവസാന രണ്ട് ഓവറില്‍ 29 റണ്‍സ് വേണമെന്നിരിക്കെ 19ാം ഓവറില്‍ 4 റണ്‍സ് മാത്രമാണ് ഭുവനേശ്വര്‍ കുമാര്‍ വഴങ്ങിയത്. കൂടാതെ അപകടകാരിയായ പൂരന്‍റെ വിക്കറ്റ് നേടി.
അവസാന 4 ബോളുകളില്‍ 23 റണ്‍സ് വെണമെന്നിരിക്കെ ഹര്‍ഷല്‍ പട്ടേലിനെ തുടര്‍ച്ചയായ രണ്ട് സിക്സിനു പറത്തി പവല്‍ ഇന്ത്യന്‍ ക്യാംപില്‍ ഭീതി പടര്‍ത്തി. എന്നാല്‍ അവസാന രണ്ട് പന്തില്‍ സിംഗിളുകള്‍ മാത്രം വഴങ്ങി ഹര്‍ഷല്‍ പട്ടേല്‍ വിജയം നേടിയെടുത്തു.
36 പന്തില്‍ 4 ഫോറും 5 സിക്സുമായി 68 റണ്‍സ് നേടിയ പവല്‍ പുറത്താകതെ നിന്നു. പൊള്ളാര്‍ഡ് 3 ബോളില്‍ 3 റണ്‍സ് നേടി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ചഹല്‍, ബിഷ്ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. വിരാട് കോഹ്ലിയുടേയും റിഷഭ് പന്തിന്റെയും അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 41 പന്തുകൾ നേരിട്ട വീരാട് കോഹ്ലി 52 റൺസെടുത്തു പുറത്തായി. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു മുന്‍ ക്യാപ്‌റ്റന്‍റെ ഇന്നിങ്സ്.
റിഷഭ് പന്ത് 28 പന്തിൽനിന്ന് 52 റൺസെടുത്തു പുറത്താകാതെ നിന്നു. വെങ്കടേഷ് അയ്യർ 18 പന്തുകളിൽനിന്ന് 33 റൺസെടുത്തു മികച്ച സംഭാവന നല്‍കി. രോഹിത് ശർമ (18 പന്തിൽ 19), ഇഷാൻ കിഷൻ (10 പന്തിൽ രണ്ട്), സൂര്യകുമാർ യാദവ് (ആറ് പന്തിൽ എട്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ.
വിൻഡീസിനായി റോസ്റ്റൻ ചേസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷെൽഡൻ കോട്രലും റൊമാരിയോ ഷെഫേർഡും ഒരോ വിക്കറ്റു വീതവും സ്വന്തമാക്കി.