പുതിയ രൂപത്തിലും ഭാവത്തിലും ഇന്ത്യ. കണക്കു തീർക്കാനും തുടക്കമിടാനും ഇന്ത്യ ഇറങ്ങുന്നു

ഏഷ്യ കപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെ നേരിടാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. കഴിഞ്ഞ ലോകകപ്പിലെ പരാജയ ക്ഷീണം തീർക്കുവാനും ടൂർണമെന്റിൽ മികച്ച രീതിയിൽ തുടങ്ങുവാനുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ദുബായിലെ വേദിയിൽ കഴിഞ്ഞ തവണ 10 വിക്കറ്റിന്റെ തോൽവിയാണു ഇന്ത്യ വഴങ്ങിയത്. എന്നാൽ അന്നത്തെ ടീമിൽ നിന്നും വളരെ വ്യത്യസ്തമായാണ് ഇന്ത്യ ഇത്തവണ എത്തുന്നത്. ക്യാപ്റ്റനായി രോഹിത് ശർമ്മ എന്ന വ്യത്യാസം മാത്രമല്ല കളി ശൈലിയിലും ഇന്ത്യൻ ടീം മാറ്റം വരുത്തി. എത്ര വിക്കറ്റ് പോയാലും ആക്രമിച്ചു കളിക്കുക എന്ന രീതിയാണ് ഇന്ത്യ ഇപ്പോൾ നടപ്പിലാകുന്നത്.

അതേ സമയം ടി20 സ്പെഷ്യലിസ്റ്റ് ബൗളർമാരെ നഷ്ടപെടുത്തിയാണ് ഇന്ത്യയുടെ വരവ്. പരിക്ക് കാരണം ഫസ്റ്റ് ചോയ്സ് താരങ്ങളായ ഹർഷൽ പട്ടേലിനെയും ജസ്പ്രീത് ബൂംറയെയും ഇന്ത്യക്കു നഷ്ടമായി. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് ഡിപ്പാർട്മെന്റിൽ ആർഷദീപ് സിംഗ്, ആവശ് ഖാൻ എന്നിവർ ആണ് ഉള്ളത്.

ബാറ്റിങ്ങിൽ വിക്കറ്റ് കീപ്പർ / ഫിനിഷിങ് സ്ഥാനം ആർക്കു എന്നതാണ് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നത്. റിഷാബ് പന്ത്, ദിനേശ് കാർത്തിക് എന്നിവരാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്നത്. രണ്ടു പേരെയും ടീമിൽ ഉൾപെടുത്താൻ തീരുമാനിച്ചാൽ ജഡേജയെ ഒഴിവാക്കേണ്ടി വരും. ഒരാളെ മാത്രം എടുക്കാൻ തീരുമാനിച്ചാൽ റിഷാബ് പന്തിനാണ് സാധ്യത.

pant and kohli

ഇടം കയ്യൻ ബാറ്റർ എന്ന അനൂകൂല്യവും പന്തിനുണ്ട്. ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന വിരാട് കോഹ്‌ലിയുടെ ബാറ്റിലേക്കായിരിക്കും ആരാധകരുടെ കണ്ണുകൾ. ഇത് വിരാട് കോഹ്‌ലിയുടെ നൂറാം ടി20 മത്സരമായിരിക്കും. റോസ് ടെയ്‌ലറിനു ശേഷം 3 ഫോർമാറ്റിലും 100 മത്സരങ്ങൾ കളിക്കുന്ന താരമാകും വിരാട് കോഹ്ലി

ഇന്ത്യ (സാധ്യത ഇലവൻ): കെഎൽ രാഹുൽ രോഹിത് ശർമ (ക്യാപ്റ്റൻ) വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്/ദിനേഷ് കാർത്തിക് (WK), രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ആർ അശ്വിൻ/അവേഷ് ഖാൻ, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്

മറുവശത്തു പാകിസ്ഥാനാവട്ടെ ബാബർ ആസാം – മുഹമ്മദ് റിസ്വാൻ ഓപ്പണിങ് കൂട്ടുകെട്ടാണ് അവരുടെ ശക്തി. ബൗളിങ്ങിൽ ഷഹീൻ അഫ്രീദി, ഇമാദ് വാസിം എന്നിവർ ഇല്ലാതെയാണ് പാക് കളത്തിലിറങ്ങുക.

മത്സരം എവിടെയാണ് നടക്കുന്നത് ?

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഏഷ്യ കപ്പ് 2022 ലെ പോരാട്ടം നടക്കുന്നത്.

മത്സരം എപ്പോഴാണ് ആരംഭിക്കുന്നത് ?

ഓഗസ്റ്റ് 28 ഇന്ത്യൻ സമയം രാത്രി 7:30 നു ആരംഭിക്കും

ഏഷ്യ കപ്പ് മത്സരങ്ങൾ എങ്ങനെ തത്സമയം കാണാം ?

മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ കാണാം. ഹോട്സ്റ്റാർ മൊബൈൽ ആപ്പിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും

Previous articleആദ്യം എറിഞ്ഞിട്ടു. പിന്നെ അടിച്ചിട്ടു. വമ്പന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍
Next article❛ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരം❜ ഏഷ്യ കപ്പ് മത്സരത്തിനു മുന്നോടിയായി വീരാട് കോഹ്ലി