ഏഷ്യാ കപ്പിലെ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ വിജയവുമായി ഇന്ത്യ. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ഇന്ത്യയുടെ വിജയശില്‍പ്പി
പാക്കിസ്ഥാന്‍ – 147(19.5) ഇന്ത്യ – 148-5(19.4)
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് രണ്ടാം പന്തില്‍ തന്നെ കെല്‍ രാഹുലിനെ (0) നഷ്ടമായി. തന്‍റെ അരങ്ങേറ്റ ഓവറില്‍ കെല്‍ രാഹുലിനെ പുറത്താക്കിയ നസീം ഷാ, വീരാട് കോഹ്ലിയെ സ്ലിപ്പില്‍ എത്തിച്ചെങ്കിലും ഫീല്‍ഡര്‍ കൈവിട്ടു. പാക്കിസ്ഥാന്‍റെ ന്യൂബോള്‍ ആക്രമണം നേരിട്ട വീരാട് കോഹ്ലിയും (35) രോഹിത് ശര്‍മ്മയും (12) പതിയെ ബൗണ്ടറികള്‍ കണ്ടെത്താന്‍ തുടങ്ങി.
എന്നാല്‍ ഇരുവരേയും പുറത്താക്കി നവാസ്, പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. പ്രൊമോട്ട് ചെയ്ത നാലാം നമ്പറില്‍ എത്തിയ രവീന്ദ്ര ജഡേജക്കൊപ്പം സൂര്യകുമാര്‍ യാദവ് കൂട്ടൂകെട്ട് ഉയര്‍ത്തിയെങ്കിലും രണ്ടാം സ്പെല്ലിനെത്തിയ നസീം ഷാ ബ്രേക്ക് ത്രൂ നല്‍കി.
18 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് ബൗള്‍ഡായി. അവസാന 5 ഓവറില്‍ 51 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ക്രീസില്‍ രവീന്ദ്ര ജഡേജയും ഹാര്‍ദ്ദിക്ക് പാണ്ട്യയുമായിരുന്നു. 18ാം ഓവറില്‍ നസീം ഷായുടെ ഓവറില്‍ സിക്സും ഫോറുമടിച്ച് വിജയലക്ഷ്യം 2 ഓവറില്‍ 21 ആക്കി.
19ാം ഓവറില്‍ 3 ഫോര്‍ നേടി ഹാര്‍ദ്ദിക്ക്, മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. അവസാന ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജ 28 പന്തില്‍ 35 റണ്‍സും നേടി പുറത്തായെങ്കിലും പിന്നീടെത്തിയ കാര്‍ത്തികിനൊപ്പം ഹാര്‍ദ്ദിക്ക് വിജയം നേടിയെടുത്തു. ഡോട്ട് ബോളുകള്‍ പ്രഷര്‍ നല്‍കിയെങ്കിലും മുഹമ്മദ് നവാസിനെ സിക്സടിച്ച് ഹാര്‍ദ്ദിക്ക് വിജയിപ്പിച്ചു. ഹാര്‍ദ്ദിക്ക് പാണ്ട്യ 17 പന്തില്‍ 4 ഫോറും 1 സിക്സുമായി 33 റണ്‍സ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 147 റണ്‍സില്‍ എല്ലാവരും പുറത്തായി. 43 റന്‍സുമായി ഓപ്പണര്‍ മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്‍റെ ടോപ്പ് സ്കോററായത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവര്‍ സംഭവബഹുലമായിരുന്നു. രണ്ടാം പന്തില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് റിസ്വാനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയെങ്കിലും റിവ്യൂവിലൂടെ രക്ഷപ്പെട്ടു.
അവസാന പന്തില്‍ ക്യാച്ചിനായുള്ള അപ്പീല്‍ അംപയര്‍ നിരസിച്ചു. എന്നാല്‍ ഇന്ത്യ റിവ്യൂ എടുത്തെങ്കിലും തീരുമാനം നിലനിന്നു.
അര്‍ഷദീപിനെയും ഭുവനേശ്വര്‍ കുമാറിനെയും ഫോറടിച്ചെങ്കിലും ഭുവനേശ്വര്‍ കുമാറിന്‍റെ ഷോട്ട് ബോളില്‍ ബാബര്‍ അസം (10) സിക്സും ഫോറുമായി മുഹമ്മദ് റിസ്വാന്‍, ആവേശ് ഖാനെ വരവേറ്റെങ്കിലും ഫഖര്‍ സമാനെ (10) പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.
സ്പിന്നര്‍മാര്‍ എത്തിയപ്പോള്‍ സ്ട്രൈക്ക് കൈമാറി കളിച്ച ഇഫ്തികര്‍ അഹമ്മദും റിസ്വാനും മൂന്നാം വിക്കറ്റില്‍ 45 റണ്‍സാണ് കൂട്ടിചേര്‍ത്തത്. മധ്യ ഓവറുകളില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ഇന്ത്യക്കായി വിക്കറ്റുകള്‍ പിഴുതത്. മുഹമ്മദ് റിസ്വാന്‍ (43) കുശ്ദില്‍ (2) ഇഫ്തികര്‍ അഹമ്മദ് (28) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്വന്തമാക്കിയത്.
അവസാന ഓവറുകളില്‍ ഷദാബ് ഖാനും ആസിഫ് അലിയും അടിച്ചു തകര്‍ക്കുമെന്ന പാക്കിസ്ഥാന്‍റെ പ്രതീക്ഷ ഭുവനേശ്വര്‍ കുമാറും അര്‍ഷദീപും ചേര്‍ന്ന് എറിഞ്ഞിട്ടു. അവസാന നിമിഷം തകര്‍ത്തടിച്ച ഷാനവാസ് ദഹാനി(6 പന്തില്‍ 16) ഹാരിസ് റൗഫ് (13) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ 4 വിക്കറ്റ് വീഴ്ത്തി. ഹാര്‍ദ്ദിക്ക് പാണ്ട്യ 3 ഉം അര്‍ഷദീപ് 2 ഉം വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് ആവേശ് ഖാന്‍ സ്വന്തമാക്കി