ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അഹമദാബാദില്‍ നടന്ന മത്സരത്തില്‍ 168 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍റ് 12.1 ഓവറില്‍ 66 റണ്ണിനു എല്ലാവരും പുറത്തായി. ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിങ്ങിലും തകര്‍പ്പന്‍ പ്രകടനം നടത്തി ആധികാരികമായാണ് ഇന്ത്യന്‍ വിജയം.
വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍റിന് അഞ്ചാം ഓവറില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഫിന്‍ അലന്‍ (3) കോണ്‍വെ (1) ചാപ്മാന്‍ (0) ഗ്ലെന്‍ ഫിലിപ്പ്സ് (2) ബ്രേസ്വെല്‍ (8) എന്നിവരെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.
ടീം സ്കോര്‍ 50 കടന്നപ്പോള്‍ സാന്‍റ്നറുടെ (13) വിക്കറ്റും നഷ്ടമായി. തൊട്ടുപിന്നാലെ സോധി സംപൂജ്യനായി മടങ്ങി. ഇരുവരുടേയും വിക്കറ്റ് ശിവം മാവിയാണ് പിഴുതത്. അതിവേഗം വാലറ്റക്കാരും മടങ്ങിയതോടെ ഇന്ത്യ കൂറ്റന്‍ വിജയം നേടി. 35 റണ്‍സുമായി ഡാരില്‍ മിച്ചല്‍ ടോപ്പ് സ്കോററായി.
ഇന്ത്യക്കായി ഹര്‍ദ്ദിക്ക് പാണ്ട്യ 4 വിക്കറ്റ് വീഴ്ത്തി. അര്‍ഷദീഷ് സിങ്ങ്, ശിവം മാവി, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് നേടിയത്. സെഞ്ചറി നേടി പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മാൻ ഗിൽ (63 പന്തിൽ 126*), രാഹുൽ ത്രിപാഠി (22 പന്തിൽ 44), സൂര്യകുമാർ യാദവ് (13 പന്തിൽ 24), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (17 പന്തിൽ 30) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.