ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യൻ ബാറ്റിംഗ് നിര. മത്സരത്തിൽ 356 റൺസിന്റെ വമ്പൻ ലീഡ് ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കാൻ ന്യൂസിലാൻഡിന് സാധിച്ചു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ശക്തമായ നിലയിലാണ് മൂന്നാം ദിവസം മത്സരം അവസാനിപ്പിച്ചത്.
മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി അർധസെഞ്ച്വറികൾ നേടിയ രോഹിത് ശർമയും വിരാട് കോഹ്ലിയും സർഫറാസ് ഖാനുമാണ് മികവ് പുലർത്തിയത്. ന്യൂസിലാൻഡിന്റെ ആദ്യ ഇന്നിങ്സ് ലീഡ് മറികടക്കണമെങ്കിൽ ഇനിയും ഇന്ത്യയ്ക്ക് 125 റൺസ് ആവശ്യമാണ്.
മൂന്നാം ദിവസം ന്യൂസിലാൻഡിന്റെ വിക്കറ്റുകൾ കൊയ്താണ് ഇന്ത്യ ആരംഭിച്ചത്. എന്നാൽ ശേഷം രചിൻ രവീന്ദ്രയും ടീം സൗതിയും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ന്യൂസിലാൻഡിനായി കെട്ടിപ്പടുത്തു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 137 റൺസ് ആയിരുന്നു കൂട്ടിച്ചേർത്തത്.
രവീന്ദ്ര മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറിയും സ്വന്തമാക്കി. ഒരു ഏകദിന ശൈലിയിൽ കളിച്ച രവീന്ദ്ര 157 പന്തുകളിൽ 13 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 134 റൺസാണ് നേടിയത്. സൗത്തീ 73 പന്തുകളിൽ 65 റൺസ് നേടുകയുണ്ടായി. ഇതോടെ ന്യൂസിലാൻഡ് ആദ്യ ഇന്നിങ്സിൽ 402 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.
വമ്പൻ ലീഡുമായി വിജയം മുന്നിൽ കണ്ടാണ് ന്യൂസിലാൻഡ് രണ്ടാം ഇന്നിങ്സിൽ ബോളിംഗ് ആരംഭിച്ചത്. എന്നാൽ കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യൻ ബാറ്റർമാർ മൈതാനത്ത് എത്തിയത്. രോഹിത് ശർമയും ജയസ്വാളും ആദ്യ സമയത്ത് തന്നെ തങ്ങളുടെ ഉദ്ദേശം ന്യൂസിലാൻഡിന് കാട്ടിക്കൊടുത്തു.
ഇരുവരും മികച്ച തുടക്കം തന്നെ ഇന്ത്യയ്ക്ക് നൽകി. 35 റൺസ് സ്വന്തമാക്കിയ ശേഷമാണ് ജയസ്വാൾ കൂടാരം കയറിയത്. പിന്നീട് ഇന്ത്യൻ നായകൻ രോഹിത് ശർമയും അടിച്ച് തകർക്കുകയുണ്ടായി. 63 പന്തുകളിൽ 52 റൺസ് ആണ് രോഹിത് സ്വന്തമാക്കിയത്. എന്നാൽ രോഹിത് പുറത്തായതോടെ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എന്ന നിലയിൽ തകർന്നു.
ഇവിടെ നിന്ന് വിരാട് കോഹ്ലിയും സർഫറാസ് ഖാനും ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് ഇന്ത്യക്കായി മൂന്നാം വിക്കറ്റിൽ കെട്ടിപ്പടുത്തു. ഒരു ഏകദിന ശൈലിയിലാണ് സർഫറാസ് ഖാൻ ബാറ്റ് വീശിയത്. ഇരുവർക്കും മത്സരത്തിൽ അർദ്ധസെഞ്ച്വറികൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.
മത്സരം അവസാനിക്കാൻ കേവലം നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് വിരാട് കോഹ്ലി പുറത്തായത്. 70 റൺസാണ് കോഹ്ലി മത്സരത്തിൽ നേടിയത്. മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 70 റൺസ് നേടിയ സർഫറാസ് ഖാനാണ് ക്രീസിലുള്ളത്. മത്സരത്തിന്റെ നാലാം ദിവസം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്താൽ ഇന്ത്യക്ക് പൂർണമായും വിജയ സാധ്യതയെത്തും.