ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം പൂർണ്ണമായ മേൽക്കൈ നേടി ന്യൂസിലാൻഡ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 46 എന്ന ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താക്കാൻ ന്യൂസിലാൻഡിന് സാധിച്ചു. മറുപടി ബാറ്റിംഗിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലാൻഡിനായി ഓപ്പണർ ഡെവൻ കോൺവെ കാഴ്ചവെച്ചത്.
കോൺവെയുടെ അർധ സെഞ്ച്വറിയുടെ മികവിൽ ഒരു വമ്പൻ സ്കോർ സ്വന്തമാക്കാൻ ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് ന്യൂസിലാൻഡ് നേടിയിട്ടുള്ളത്. ഇതിനോടകം തന്നെ ആദ്യ ഇന്നിങ്സിൽ 134 റൺസിന്റെ ലീഡ് കണ്ടെത്താൻ ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തീരുമാനമായിരുന്നു ഇത്. ഇന്ത്യയുടെ ബാറ്റിംഗ് നിര തുടക്കത്തിൽ തന്നെ പതറി. രോഹിത്തും കോഹ്ലിയും സർഫറാസ് ഖാനും മികവ് പുലർത്താതെ പുറത്തായതോടെ ഇന്ത്യ ദുരന്തത്തിലേക്ക് നീങ്ങുകയായിരുന്നു. 13 റൺസ് നേടിയ ജയസ്വാൾ കൂടി പുറത്തായതോടെ ഇന്ത്യ കൂപ്പുകുത്തി വീണു. പിന്നീട് വന്ന രാഹുലും രവീന്ദ്ര ജഡേജയും അശ്വിനും റൺസ് ഒന്നും നേടാതെ മടങ്ങിയതോടെ ഇന്ത്യ നാണക്കേടിന്റെ വക്കിലായി. മധ്യനിരയിൽ 20 റൺസ് നേടിയ പന്ത് മാത്രമാണ് ഇന്ത്യക്കായി അൽപ്പസമയമെങ്കിലും ക്രീസിലുറച്ചത്.
മറ്റെല്ലാ ബാറ്റർമാരും പൂർണ്ണമായും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് കേവലം 46 റൺസിൽ ഒതുങ്ങി. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറാണ് മത്സരത്തിൽ പിറന്നത്. മറുവശത്ത് ന്യൂസിലാൻഡിനായി പേസർമാർ എല്ലാവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.
5 വിക്കറ്റ് സ്വന്തമാക്കിയ മാറ്റ് ഹെൻട്രിയാണ് ന്യൂസിലാൻഡ് നിരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. വില്യം ഓറൂർക്കെ 4 വിക്കറ്റുകൾ സ്വന്തമാക്കി ഹെൻട്രിയ്ക്ക് മികച്ച പിന്തുണയാണ് നൽകിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡിന് നായകൻ ലാദമിന്റെ(15) വിക്കറ്റ് തുടക്കത്തിൽ നഷ്ടമായി.
പക്ഷേ ഒരുവശത്ത് ഡെവൻ കോൺവെ ഒരു ഏകദിന മത്സരത്തിന്റെ ശൈലിയിൽ ബാറ്റിംഗ് വെടിക്കെട്ട് തീർക്കുകയായിരുന്നു. മത്സരത്തിൽ ഒരു തകർപ്പൻ അർത്ഥ സെഞ്ച്വറിയാണ് കോൺവെ നേടിയത്. 15 പന്തുകളിൽ 11 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 91 റൺസ് സ്വന്തമാക്കാൻ കോൺവെയ്ക്ക് സാധിച്ചു.
33 റൺസ് നേടിയ യങ്ങും ന്യൂസിലാൻഡിനായി മികവ് പുലർത്തി. എന്നാൽ രണ്ടാം ദിവസത്തിലെ അവസാന സെഷനിൽ കോൺവെയെയും യങ്ങിനെയും ചെറിയ ഇടവേളയിൽ പുറത്താക്കി ഇന്ത്യ കൃത്യമായി ആധിപത്യം പുലർത്തി. എന്നിരുന്നാലും മത്സരത്തിന്റെ രണ്ടാം ദിവസം വലിയ മുൻതൂക്കമാണ് ന്യൂസിലാൻഡിനുള്ളത്. ഇതുവരെ ആദ്യ ഇന്നിങ്സിൽ 134 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ന്യൂസിലാൻഡിന് സാധിച്ചു.