ഇന്ത്യക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനു വിജയം. റാഞ്ചിയില്‍ നടന്ന പോരാട്ടത്തില്‍ 21 റണ്‍സിനായിരുന്നു വിജയം. ന്യൂസിലന്‍റ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഇഷാന്‍ കിഷന്‍ (4) രാഹുല്‍ ത്രിപാഠി (0) ശുഭ്മാന്‍ ഗില്‍ (7) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ 3 ന് 15 എന്ന നിലയിലായി. പിന്നീട് ഒത്തുചേര്‍ന്ന ഹര്‍ദ്ദിക്ക് – സൂര്യ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് .
ഇരുവരും ചേര്‍ന്ന് 51 പന്തില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്തു. സൂര്യകുമാറിനെ മടക്കി ഇഷ് സോധി ബ്രേക്ക് ത്രൂ നല്‍കി. 34 പന്തില്‍ 6 ഫോറും 2 സിക്സും സഹിതം 47 റണ്‍സാണ് നേടിയത്. തൊട്ടു പിന്നാലെ 20 പന്തില്‍ 21 റണ്‍ നേടിയ ഹര്‍ദ്ദിക്കും മടങ്ങി.
ഹൂഡയും (10) മാവിയും (2) നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. കുല്‍ദീപിനെ (0) പുറത്താക്കി 18ാം ഓവറില്‍ ഫെര്‍ഗൂസന്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞു. അവസാന നിമിഷം സുന്ദര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും വിജയം അകന്നു നിന്നു. 27 പന്തില്‍ 5 ഫോറും 3 സിക്സുമായി 50 റണ്‍സാണ് സുന്ദര്‍ നേടിയത്.
ന്യൂസിലന്‍റിനായി മിച്ചല്‍ സാന്‍റ്നര്‍ 4 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി. ബ്രേസ്വെല്‍, ഫെര്‍ഗൂസന്‍ എന്നിവരും 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ റാഞ്ചിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് ഡാരില്‍ മിച്ചല്‍ (30 പന്തില്‍ പുറത്താവാതെ 59) ഡെവോണ്‍ കോണ്‍വെയുടെ (35 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ഫിന്‍ അലന്‍ (35) ഓപ്പണിംഗില്‍ മികച്ച പ്രകടനം നടത്തി. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ഒരു വിക്കറ്റുമായി കുല്‍ദീപും തിളങ്ങി. നാല് ഓവറില്‍ 20 റണ്‍സ് മാത്രമാണ് കുല്‍ദീപ് വിട്ടുകൊടുത്തത്.