ആളിക്കത്തി ജെയ്സ്വാൾ, കാട്ടുതീയായി റിങ്കു സിംഗ്. നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 202 റൺസ്.

ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനലിൽ നേപ്പാൾ ടീമിനെതിരെ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ യുവനിര. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സിൽ 202 റൺസാണ് നേടിയിരിക്കുന്നത്. ഓപ്പണർ ജയസ്വാളിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ഇന്ത്യക്ക് രക്ഷയായത്. തന്റെ ട്വന്റി20 കരിയറിലെ ആദ്യ സെഞ്ച്വറിയാണ് ജയസ്വാൾ മത്സരത്തിൽ നേടിയത്. മറ്റ് ഇന്ത്യൻ ബാറ്റർമാർ പ്രതീക്ഷിക്കൊത്ത് ഉയരാതിരുന്ന സാഹചര്യത്തിൽ ജയസ്വാളിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു ഇന്നിംഗ്സിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കാണാൻ സാധിച്ചത്.

നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ ഋതുരാജും ജയസ്വാളും ചേർന്നാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. നേപ്പാൾ ബോളർമാരെ ആക്രമണപരമായി നേരിടുന്നതിൽ ഋതുരാജ്(25) പ്രയാസപ്പെട്ടിരുന്നു. എന്നാൽ മറുവശത്ത് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ജയസ്വാൾ കളം നിറയുകയായിരുന്നു. പവർപ്ലേ ഓവറുകളിൽ തന്നെ നേപ്പാൾ ബോളർമാർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ജയസ്വാളിന് സാധിച്ചു. ചെറിയ ബൗണ്ടറികൾ മികച്ച രീതിയിൽ ഉപയോഗിക്കാനാണ് ജയസ്വാൾ ശ്രമിച്ചത്. കേവലം 22 പന്തുകളിൽ നിന്നായിരുന്നു ജയസ്വാൾ തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്.

10 ഓവറിനുള്ളിൽ തന്നെ ഇന്ത്യയുടെ സ്കോർ 100 റൺസിൽ എത്തിക്കാൻ ജയസ്വാളിന് സാധിച്ചു. എന്നാൽ മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യയെ ബാധിച്ചിരുന്നു. ഋതുരാജ്, തിലക് വർമ(2) ജിതേഷ് ശർമ(5) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് ചെറിയ സമയത്തിനുള്ളിൽ തന്നെ നഷ്ടമായി. പക്ഷേ ഒരുവശത്ത് ജയസ്വാൾ ആക്രമണം തുടർന്നു.

ത്സരത്തിൽ 48 പന്തുകളിൽ നിന്നാണ് ജയസ്വാൾ തന്റെ ട്വന്റി20 ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി പൂർത്തീകരിച്ചത്. എന്നാൽ ജയസ്വാൾ പുറത്തായ ശേഷം ഇന്ത്യയുടെ സ്കോറിങ് റേറ്റ് പതിഞ്ഞ താളത്തിലേക്ക് മാറുകയായിരുന്നു.

പിന്നീട് ശിവം ദുബയും(25) റിങ്കൂ സിങ്ങുമാണ് ഇന്ത്യക്കായി അവസാന ഓവറുകളിൽ റൺസ് കണ്ടെത്തിയത്. അവസാന രണ്ട് ഓവറുകളിൽ തരക്കേടില്ലാത്ത രീതിയിൽ വമ്പൻ ഷോട്ടുകൾ കളിക്കാൻ ഇരു ബാറ്റർമാർക്കും സാധിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം മികച്ച ഫിനിഷിംഗ് പ്രകടനവുമായി നിറഞ്ഞു നിന്ന റിങ്കു സിംഗ് വെടിക്കെട്ട് ഷോട്ടുകളുമായി നേപ്പാളിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

റിങ്കു മത്സരത്തിൽ 15 പന്തുകളിൽ 37 റൺസാണ് നേടിയത്. ഇങ്ങനെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 4 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ വിജയം നേടിയാൽ ഇന്ത്യക്ക് നേരിട്ട് സെമിഫൈനലിലേക്ക് പ്രവേശനം ലഭിക്കും.

Previous articleഏഷ്യൻ ഗെയിംസിൽ തകർപ്പൻ സെഞ്ച്വറി നേടി ജെയിസ്വാൾ. 48 ബോളിൽ സെഞ്ചുറി
Next articleഉറക്കെ വിളിച്ചോളൂ – ‘ദ് ഫിനിഷർ’.. ഏഷ്യൻ ഗെയിംസിൽ റിങ്കു സിംഗിന്റെ മാസ്റ്റർ ഫിനിഷിങ്.