ഇംഗ്ലണ്ടിനെതിരായ ചെപ്പോക്കിൽ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍
ഏറ്റവും ദയനീയ പ്രകടനം നടത്തിയത് ഉപനായകൻ അജിൻക്യ രഹാനെ ആയിരുന്നു . രണ്ടിന്നിങ്‌സുകളിലായി 1, 0 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്‌കോറുകള്‍.ഇതോടെ ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് രഹാനെയ്ക്കു കൂടുതല്‍ നിര്‍ണായകമായി മാറിയിരിക്കുകയാണ്. അവസാനമായി കളിച്ച ഏഴു ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല.എന്നാൽ അജിൻക്യ രഹാനെയുടെ ഇപ്പോഴത്തെ സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനത്തില്‍ ഏറെ ആശ്ചര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ സ്പിന്നറും സഹതാരവുമായ പ്രഗ്യാന്‍ ഓജ.
“അജിൻക്യ രഹാനെയുടെ ഈ സ്ഥിരതയില്ലാത്ത പ്രകടനം എന്നെ ഏറെ ആശ്ചര്യപ്പെടുത്തുന്നു. ചെറുപ്പകാലം മുതല്‍ അദ്ദേഹത്തിനൊപ്പം ഞാന്‍ ഒരുപാട് ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രഹാനയെ പോലൊരു താരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറി നേടിയ ശേഷം ഫോം കണ്ടെത്താനാവാതെ വലയുകയാണ്. മുമ്പൊരിക്കലും രഹാനെയെ എനിക്ക് ഇങ്ങനെയൊരു അവസ്ഥയില്‍ കാണേണ്ടി വന്നിട്ടില്ലെന്നും ഓജ അഭിപ്രായപ്പെട്ടു .
” രഹാനയെ പോലൊരു താരം എത്രയും വേഗം തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പഴയത് പോലെ ബാറ്റിംഗ് ഫോം തിരിച്ചു പിടിക്കണം എന്ന് ഓജ പറഞ്ഞു. തന്റെ രാജ്യത്തിനായി ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം, ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനമാണ്. ഇങ്ങനെയൊരാള്‍ വേഗത്തില്‍ തന്നെ പഴയ താളം വീണ്ടെടുക്കേണ്ടതുണ്ട്.
ടീമിനും അത് ഏറെ പ്രധാനമാണ് ” മുൻ ഇന്ത്യൻ താരം പ്രത്യാശ പ്രകടിപ്പിച്ചു .
പലപ്പോഴും ചില ഷോട്ടുകള്‍ കളിക്കുന്നത് കാണുമ്പോള്‍ രഹാനെ ഗംഭീര ബാറ്റ്‌സ്മാനായി തോന്നും. എന്നാല്‍ ഔട്ടായി മടങ്ങുമ്പോള്‍ മോശം ഫോമിലാണന്ന് നമ്മൾ ഏവർക്കും തോന്നുകയും ചെയ്യും. അതിനാൽ തന്നെ അജിൻക്യ രഹാനക്ക് താരം ഇപ്പോഴത്തെ ഈ പ്രതിസന്ധിയെ മറികടന്നേ തീരൂവെന്നും ഓജ വിശദമാക്കി.