ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന പിങ്ക് ബോള്‍ മത്സരത്തില്‍ 3 ദിവസം ബാക്കി നില്‍ക്കേ 10 വിക്കറ്റിനാണ് വിജയിച്ചത്. 49 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ രോഹിത് ശര്‍മ്മ (25), ശുഭ്മാന്‍ ഗില്‍ (15) എന്നിവര്‍ വിജയത്തിലെത്തിച്ചു. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ ( 2-1 ) നു മുന്നിലെത്തി.
രണ്ടാം ദിനം ഇന്ത്യയെ അതിവേഗം വീഴ്ത്തിയ ഇംഗ്ലണ്ടിനു രണ്ടാം ഇന്നിംഗ്സില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ലാ. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് രണ്ടാം ദിനം ചായക്ക് ശേഷം ആരംഭിച്ച ഇംഗ്ലണ്ടിനെ ആദ്യ ഓവറിൽ തന്നെ അക്ഷർ പട്ടേൽ ഞെട്ടിച്ചു .ആദ്യ പന്തില്‍ തന്നെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ സാക്ക് ക്രോളിയെ ക്ലീന്‍ ബൗള്‍ഡാക്കിയ അക്സര്‍ മൂന്നാം പന്തില്‍ ജോണി ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇംഗ്ലണ്ടിനെ 2 വിക്കറ്റ് നഷ്ടത്തിൽ 0 റൺസെന്ന പരിതാപകരമായ അവസ്ഥയിലേക്ക് എത്തിച്ചു .
ഡൊമനിക് സിബ്ലിയും ക്യാപ്റ്റന്‍ ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ രണ്ടക്കം കടത്തിയെങ്കിലും സ്കോര്‍ 19ല്‍ നില്‍ക്കെ സിംബ്ലിയെ(7) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് അക്ഷർ തന്റെ ഇടംകൈയൻ സ്പിൻ ബൗളിങ്ങിൽ വീണ്ടും ഞെട്ടിച്ചു .അതിവേഗം റണ്‍സ് സ്കോര്‍ ചെയ്യാന്‍ നോക്കിയ ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന് അൽപ്പം പ്രതീക്ഷ നല്‍കിയെങ്കിലും അശ്വിന് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.34 പന്തില്‍ 25 റണ്‍സായിരുന്നു സ്റ്റോക്സിന്‍റെ സംഭാവന. പരമ്പരയിൽ നാലാം തവണയാണ് ലോകോത്തര ഓള്‍റൗണ്ടര്‍ അശ്വിന് മുൻപിൽ വീഴുന്നത് .
സ്പിന്നര്‍മാരുടെ മുന്‍പില്‍ ഇംഗ്ലണ്ട് താരങ്ങള്‍ വീണതോടെ ഇന്ത്യന്‍ വിജയലക്ഷ്യം 49 റണ്‍സായി. 33 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യയോട് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 81 റൺസിൽ എല്ലാവരും പുറത്തായി .കേവലം 30.4 ഓവറുകൾ മാത്രമാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് നിലനിന്നത് . അക്ഷർ പട്ടേൽ 5 വിക്കറ്റും ,അശ്വിൻ നാല് വിക്കറ്റും വീഴ്ത്തി. ഒരു വിക്കറ്റ് വാഷിങ്ങ് ടണ്‍ സുന്ദര്‍ നേടി. മത്സരത്തിൽ അക്ഷർ പട്ടേലിന് ആകെ 11 വിക്കറ്റുകളായി .
പുതുക്കി പണിത നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സ്പിന്‍ ബോളര്‍മാര്‍ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ഇരു ടീമിലെ താരങ്ങള്‍ക്കും പിടിച്ചു നില്‍ക്കാനായില്ലാ. മത്സരത്തില്‍ വീണ 30 വിക്കറ്റില്‍ 2 ഉം വീഴ്ത്തിയത് സ്‌പിന്നര്‍മാരായിരുന്നു. മത്സരത്തില്‍ സ്പിന്‍ പിച്ച് ഒരുക്കിയതിനു കടുത്ത പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്.