ഇംഗ്ലണ്ടിനെതിരായ ചെപ്പോക്കിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യന്‍ ടീമിന് നേരിടേണ്ടിവരുന്നത് കനത്ത ബാറ്റിംഗ് തകർച്ച . ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 578 റണ്‍സ് എന്ന പടുകൂറ്റൻ ടോട്ടൽ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകരേക്കാള്‍ 321 റണ്‍സ് പിന്നിലാണ് ടീം ഇന്ത്യ ഇപ്പോൾ . വാഷിങ്ടണ്‍ സുന്ദറും (33*) ആര്‍ അശ്വിനുമാണ് (8) ഇപ്പോൾ ഇന്ത്യക്കായി ക്രീസില്‍.ഫോളോഓണ്‍ ഒഴിവാക്കാന്‍ നാല് വിക്കറ്റ് ശേഷിക്കെ 121 റൺസ് കൂടി വേണം .
എന്നാൽ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ തളർത്തിയത് മുൻനിര ബാറ്റിങ്ങിന്റെ മോശം പ്രകടനമാണ് .ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം വമ്പൻ സ്കോർ നേടുവാനാവാതെ പുറത്തായപ്പോൾ മികച്ച രീതിയില്‍ വലിയ സ്കോറിലേക്ക് ബാറ്റ് ചെയ്യുകയായിരുന്ന ചേതേശ്വര്‍ പുജാരയുടെ (73) പുറത്താകലാണ് മത്സരത്തില്‍ വഴിത്തിരിവായത്. 143 പന്തുകള്‍ നേരിട്ട് 11 ഫോറുള്‍പ്പെടെ മികച്ച സ്‌കോറിലേക്ക് യാതൊരു ആശങ്കയും കൂടാതെ മുന്നേറിയ പുജാരയുടെ പുറത്താകല്‍ തികച്ചും ദൗര്‍ഭാഗ്യകരമായിരുന്നു.
ഇന്നിങ്സിലെ 51ാം ഓവറിലാണ് സംഭവം. ഓഫ് സ്പിന്നർ ഡോം ബെസ്സിന്റെ ഷോര്‍ട്ട് ബോളില്‍ പന്ത് അതിർത്തികടത്തുവാൻ ശ്രമിച്ച പുജാര പന്ത് മനോഹരമായി പുള്‍ ചെയ്‌തെങ്കിലും തൊട്ട് അടുത്ത ഫീല്‍ഡ് ചെയ്യുകയായിരുന്ന ഒലി പോപ്പിന്റെ തോളില്‍ തട്ടിയ പന്ത് മിഡ് വിക്കറ്റിലേക്ക് ഉയര്‍ന്ന് റോറി ബേണ്‍സിന്റെ കൈകളില്‍ ഭദ്രമായി അവസാനിച്ചു. ഒലി പോപ്പ് പന്ത് വരുമ്പോൾ കുനിഞ്ഞെങ്കിലും പുജാരയുടെ നിർഭാഗ്യത്തിൽ പോപ്പിന്റെ തോളില്‍ തട്ടി പന്ത് ഉയരുകയായിരുന്നു.
എന്നാൽ പൊതുവേ ശാന്തശീലനായ പുജാരക്ക് വിക്കറ്റ് നഷ്ടമായ ശേഷം തന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാഡില്‍ ബാറ്റ് കൊണ്ട് അടിച്ച് ആക്രോശിച്ചാണ് പുജാര ഡ്രസിങ് റൂമിലേക്ക് മടങ്ങിയത് .അഞ്ചാം വിക്കറ്റിൽ റിഷാബ് പന്ത് ഒപ്പം ഇന്ത്യയെ മുൻപോട്ട് കൊണ്ടുപോയ പുജാര മടങ്ങുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 192 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. പുജാരയുടെ വിക്കറ്റ് വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
പൂജാരയുടെ ആദ്യ ഇന്നിങ്സിലെ പുറത്താകൽ വീഡിയോ കാണാം :