ഇംഗ്ലണ്ടിനെതീരായ അവസാന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യൻ ആധിപത്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ കേവലം 218 റൺസിന് പുറത്താക്കാൻ ഇന്ത്യക്ക് സാധിച്ചു. മറുപടി ബാറ്റിംഗിൽ ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് ഇതിനോടകം ഇന്ത്യ നേടിയിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനി ആവശ്യം കേവലം 83 റൺസ് മാത്രമാണ്. അതിനാൽ തന്നെ രണ്ടാം ദിവസവും ഇത്തരം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇംഗ്ലണ്ടിനെതിരെ ശക്തമായ ആധിപത്യം സ്ഥാപിക്കാനാണ് ഇന്ത്യൻ ശ്രമം. ആദ്യ ദിവസം ഇന്ത്യക്കായി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത് കുൽദീപും അശ്വിനുമായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ ധർമശാലയിലെ പിച്ചിൽ മികച്ച തുടക്കം തന്നെ ഇംഗ്ലണ്ടിന് ലഭിച്ചു. ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗിന് നേതൃത്വം നൽകിയത്. ആദ്യ ഇന്നിംഗ്സിൽ 108 പന്തുകൾ നേരിട്ട ക്രോളി 11 ബൗണ്ടറികളും ഒരു സിക്സറുമടക്കം 79 റൺസ് നേടുകയുണ്ടായി. എന്നാൽ ഇംഗ്ലണ്ടിന്റെ മറ്റു ബാറ്റർമാർ ആദ്യ ഇന്നിംഗ്സിൽ പരാജയപ്പെടുകയായിരുന്നു.
ഡക്കറ്റ്(27) റൂട്ട്(26) ബെയർസ്റ്റോ(29) എന്നിവർ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ സ്പിന്നർമാർക്കു മുൻപിൽ മുട്ടുമടക്കുകയുണ്ടായി. ഇതോടെ ഇംഗ്ലണ്ട് വലിയ ബാറ്റിംഗ് ദുരന്തത്തിലേക്ക് നീങ്ങി.
കുൽദീപ് യാദവും അശ്വിനും ചേർന്നായിരുന്നു ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ആദ്യ ഇന്നിംഗ്സിൽ കേവലം 218 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാൻ സാധിച്ചത്. കുൽദീപ് ആദ്യ ഇന്നിംഗ്സിൽ 72 റൺസ് മാത്രം വിട്ടു നൽകിയായിരുന്നു 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. അശ്വിൻ 51 റൺസ് വിട്ടുനൽകി 4 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് പതിവുപോലെ മികച്ച തുടക്കമാണ് ജയസ്വാൾ നൽകിയത്.
ഒപ്പം രോഹിത് ശർമയും കളം നിറഞ്ഞപ്പോൾ മികച്ച ഒരു ആദ്യ വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യക്ക് ലഭിച്ചു. പരമ്പരാഗതമായ ടെസ്റ്റ് ശൈലിയിൽ നിന്നും മാറി കൃത്യമായി ആക്രമണങ്ങൾ അഴിച്ചുവിട്ടാണ് ഇരുവരും ഇംഗ്ലണ്ടിനെ നേരിട്ടത്.
മത്സരത്തിൽ ജയസ്വാളും രോഹിത് ശർമയും തങ്ങളുടെ അർത്ഥ സെഞ്ച്വറികളും കണ്ടെത്തുകയുണ്ടായി. ജയസ്വാൾ 58 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 57 റൺസാണ് നേടിയത്. ആദ്യ വിക്കറ്റിൽ രോഹിതുമൊപ്പം ചേർന്ന് 104 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും ജയ്‌സ്വാളിന് സാധിച്ചു.
എന്നാൽ ശേഷം ബഷീറിന്റെ പന്തിൽ ജയസ്വാൾ കൂടാരം കയറി. പിന്നീട് എത്തിയ ഗില്ലും ക്രീസിലുറച്ചതോടെ ഇന്ത്യ ശക്തമായ സ്കോറിലേക്ക് കുതിക്കുകയായിരുന്നു. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് കേവലം 83 റൺസ് കൂടിയെ ആവശ്യമുള്ളൂ.