മൂന്നാം ദിനം ബാസ്ബോളിന്‍റെ വെടി തീര്‍ത്തു. ധരംശാല ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം.

ash vs england

ഇംഗ്ലണ്ടിനെതിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. അത്യന്തം ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പൂർണമായ ആധിപത്യം നേടിയെടുത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്നിങ്സിനും 64 റൺസിനുമാണ് ഇന്ത്യ വിജയം നേടിയത്.

ഈ വിജയത്തോടെ പരമ്പര 4-1 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ തന്നെ ഇംഗ്ലണ്ടിനുമേൽ 259 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് കേവലം 195 റൺസിന് ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. 5 വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിനാണ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സിൽ മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത്.

ധർമശാലയിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ടോസ് നേടിയ ഇംഗ്ലണ്ട് തെല്ലും മടിക്കാതെ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് തങ്ങളുടെ ഓപ്പണർ ക്രോളി നൽകിയത്. 108 പന്തുകളിൽ ക്രോളി 79 റൺസാണ് നേടിയത്. എന്നാൽ മറ്റ് ഇംഗ്ലണ്ട് ബാറ്റർമാർക്ക് ക്രീസിലുറക്കാൻ സാധിക്കാതെ വന്നത് ടീമിന് തിരിച്ചടി ഉണ്ടാക്കി.

കേവലം 218 റൺസ് മാത്രമാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് നേടാൻ സാധിച്ചത്. മറുവശത്ത് ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 5 വിക്കറ്റുകളും രവിചന്ദ്രൻ അശ്വിൻ 4 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് അതിമനോഹരമായ തുടക്കമാണ് രോഹിത് ശർമയും ജയസ്വാളും ചേർന്ന് നൽകിയത്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കായി രോഹിത്തും ശുഭമാൻ ഗില്ലും സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. രോഹിത് 162 പന്തുകളിൽ 13 ബൗണ്ടറികളും 3 സിക്സറുകളും അടക്കമാണ് 103 റൺസ് സ്വന്തമാക്കിയത്. ഗില്‍ 180 പന്തുകളിൽ 12 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 110 റൺസ് സ്വന്തമാക്കുകയുണ്ടായി.

See also  നാലില്‍ നാലും വിജയിച്ചു. വിജയമൊരുക്കി ബട്ട്ലര്‍. മുന്നില്‍ നിന്നും നയിച്ച് സഞ്ചു സാംസണ്‍.

പ്പം പടിക്കൽ(65) സർഫറാസ് ഖാൻ(56) ജയസ്വാൾ(57) എന്നിവർ അർത്ഥസെഞ്ചുറി കൂടി സ്വന്തമാക്കിയതോടെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. 477 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 259 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡും ഇന്ത്യയ്ക്ക് ലഭിച്ചു. മറുവശത്ത് ഇംഗ്ലണ്ടിനായി 5 വിക്കറ്റുകൾ സ്വന്തമാക്കിയ സ്പിന്നർ ബഷീറാണ് മികവ് പുലർത്തിയത്.

259 റൺസ് എന്ന ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാൻ ഇറങ്ങിയ ഇംഗ്ലണ്ട് തുടക്കം തന്നെ പതറി. ഇന്ത്യയുടെ സ്പിന്നർമാർക്കു മുൻപിൽ ഇംഗ്ലണ്ടിന്റെ വേരിളകുന്നതാണ് കാണാൻ സാധിച്ചത്. രവിചന്ദ്രൻ അശ്വിന്റെ സ്പിന്നിങ് ബോളുകൾക്കെതിരെ ഇംഗ്ലണ്ട് ബാറ്റർമാർ നന്നേ ബുദ്ധിമുട്ടി. ഇംഗ്ലണ്ട് നിരയിൽ മധ്യനിര ബാറ്ററായ ജോ റൂട്ട് (84) മാത്രമാണ് അല്പമെങ്കിലും പോരാട്ടം നയിച്ചത്.

ഇങ്ങനെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് കേവലം 195 റൺസിൽ അവസാനിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റുകൾ നേടിയ രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യക്കായി മികച്ചു നിന്നത്. ഈ വിജയത്തോടെ പരമ്പര 4-1 എന്ന നിലയിൽ ചരിത്രം രചിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ആദ്യ ടെസ്റ്റിൽ പരാജയമറിഞ്ഞതിന് ശേഷം ഇന്ത്യയുടെ വലിയൊരു തിരിച്ചുവരവാണ് അടുത്ത 4 ടെസ്റ്റ് മത്സരങ്ങളിൽ കാണാൻ സാധിച്ചത്.

Scroll to Top