ഇന്ത്യ 255ന് ഓൾഔട്ട്‌. ഇംഗ്ലണ്ടിന് വിജയലക്ഷ്യം 399 റൺസ്. ബോളർമാരിൽ പ്രതീക്ഷ.

GFewPC6agAAix6u e1707041326223

രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഒരു വലിയ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുൻപിലേക്ക് വച്ച് ഇന്ത്യൻ നിര. മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയിക്കാൻ അവസാന ഇന്നിങ്സിൽ വേണ്ടത് 399 റൺസാണ്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ഗിൽ നേടിയ തകർപ്പൻ സെഞ്ച്വറിയാണ് ഇത്ര മികച്ച ഒരു സ്കോർ കണ്ടെത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയെ സഹായിച്ചത്.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ജയസ്വാളിന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ 396 റൺസ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. 290 പന്തുകളിൽ 209 റൺസ് ആദ്യ ഇന്നിങ്സിൽ ജയ്സ്വാൾ നേടിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് കേവലം 253 റൺസിൽ അവസാനിക്കുകയുണ്ടായി. ഇതോടുകൂടി ആദ്യ ഇന്നിംഗ്സിൽ 143 റൺസിന്റെ ലീഡ് ഇന്ത്യക്ക് ലഭിച്ചിരുന്നു.

ശേഷമാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ചത്. മത്സരത്തിന്റെ രണ്ടാം ദിവസം തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയുടെ ഓപ്പണർമാർക്ക് സാധിച്ചു. എന്നാൽ മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ രോഹിത് ശർമയും(13) ജയസ്വാളും(17) കൂടാരം കയറിയത് ഇന്ത്യയെ ബാധിക്കുകയായിരുന്നു. ശേഷം ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യക്കായി ക്രീസിലുറച്ചു.

ഇരുവരും ചേർന്ന് പതിയെ ഇന്ത്യയുടെ സ്കോർ ഉയർത്തുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി ആണ് ഗിൽ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരങ്ങളിൽ ഫോമിൽ അല്ലാത്തതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഗില്ലിന് കേൾക്കേണ്ടി വന്നിരുന്നു. ഇതിനുള്ള മറുപടി ഈ സെഞ്ചുറിയിലൂടെ ഗിൽ നൽകിയിട്ടുണ്ട്.

Read Also -  പത്ത് വിക്കറ്റ് വിജയവുമായി ഇന്ത്യന്‍ യുവനിര. ടി20 പരമ്പര സ്വന്തമാക്കി.

മത്സരത്തിൽ 147 പന്തുകൾ നേരിട്ട ഗിൽ 11 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 104 റൺസ് സ്വന്തമാക്കുകയുണ്ടായി. എന്നാൽ നിർണായ സമയത്ത് അയ്യരും(29) ഗില്ലും കൂടാരം കയറിയത് ഇന്ത്യയെ ബാധിച്ചു. പിന്നാലെയെത്തിയ പട്ടിദാർ(9) രണ്ടാം ഇന്നിങ്സിലും പൂർണമായി പരാജയപ്പെട്ടു. ശേഷം അക്ഷർ പട്ടേലാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായക ഘടകമായത്.

മധ്യ നിരയിൽ ഇന്ത്യയുടെ സ്കോറിംഗ് ഉയർത്തിയതിൽ അക്ഷർ പട്ടേൽ പ്രധാന പങ്കുവഹിച്ചു. 84 പന്തുകൾ നേരിട്ട അക്ഷർ 45 റൺസ് മത്സരത്തിൽ നേടി. ശേഷം മറ്റൊരു മധ്യനിര ബാറ്ററായ രവിചന്ദ്രൻ അശ്വിനും(29) അവസാന നിമിഷം വരെ ഇന്ത്യക്കായി പോരാടുകയുണ്ടായി.

ഇതോടെ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 255 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുവശത്ത് ഇംഗ്ലണ്ടിനായി ഹാർഡ്‌ലി നാലും അഹമ്മദ് മൂന്നും വിക്കറ്റുകൾ സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ലീഡ് 398 റൺസിൽ എത്തുകയായിരുന്നു. ആദ്യ മത്സരത്തിൽ പരാജയമറിഞ്ഞ ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ബോളിംഗ് പ്രകടനം മത്സരത്തിൽ കാഴ്ചവയ്ക്കേണ്ടത് അത്യാവശ്യമാണ്.

മത്സരത്തിന്റെ നാലാം ദിവസം തന്നെ ശക്തമായ രീതിയിൽ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടി മത്സരത്തിൽ വിജയം നേടി പരമ്പര സമനിലയിൽ ആക്കുക എന്ന ഉദ്ദേശത്തിലാണ് ഇന്ത്യ ഇറങ്ങുക. ആദ്യ ഇന്നിങ്സിലെതുപോലെ തന്നെ മികച്ച ബോളിംഗ് പ്രകടനം ഇന്ത്യയുടെ ബോളർമാരുടെ ഭാഗത്തു നിന്ന് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top