അരങ്ങേറ്റം ഗംഭീരമാക്കി ഇഷാന്‍ കിഷാന്‍. ഫോം കണ്ടെത്തി കോഹ്ലി. ഇന്ത്യക്ക് അനായാസ വിജയം.

Virat Kohli(Captain) of India , Ishan Kishan (WK)of India during the 2nd T20 International between India and England held at the Narendra Modi Stadium, Ahmedabad, Gujarat, India on the 14th March 2021 Photo by Saikat Das / Sportzpics for BCCI

അഹമ്മദാബാദില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ഇംഗ്ലണ്ടുയർത്തിയ 165 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അരങ്ങേറ്റം ഗംഭീരമാക്കിയ ഇഷാന്‍ കിഷാനും ഫോം കണ്ടെത്തിയ വീരാട് കോഹ്ലിയുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു പരമ്പര സമനിലയിലാക്കി. 17.5 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.

ആദ്യ ഓവറിലെ അവസാന പന്തിൽ ഓപ്പണർ കെ.എൽ.രാഹുലിനെ സാം കുറാന്‍ മടക്കിയെങ്കിലും കോഹ്ലിയും ഇഷാനും ചേര്‍ന്നു ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷൻ ഗ്രൗണ്ടിന്‍റെ എല്ലാ ഭാഗത്തും ആക്രമണം അഴിച്ചുവിട്ടു. 32 പന്തില്‍ 5 ഫോറും 4 സിക്സും സഹിതം 56 റണ്‍ നേടി. രണ്ടാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്തശേഷമാണ് താരം പവിലിയനിലേക്ക് മടങ്ങിയത്.

ഇഷാന്‍ കിഷാനു ശേഷം എത്തിയ റിഷഭ് പന്തും ബോളര്‍മാര്‍ക്കെതിരെ ആക്രമണം നടത്തി. 13 പന്തില്‍ 2 ഫോറും 2 സിക്സുമായി 26 റണ്‍ നേടി പന്ത് ശ്രദ്ധേയ പ്രകടനം നടത്തി. മറുവശത്ത് കോഹ്ലി ക്രീസില്‍ തുടര്‍ന്നതോടെ അനായാസം ഇന്ത്യ വിജയം സ്വന്തമാക്കി. സിക്സ് നേടി മത്സരം ഫിനിഷ് ചെയ്ത വീരാട് കോഹ്ലി 49 പന്തില്‍ 73 റണ്‍ നേടി. 5 ഫോറും 3 സിക്സും കോഹ്ലിയുടെ ബാറ്റില്‍ നിന്നും പിറന്നു. ശ്രേയസ്സ് അയ്യര്‍ (8) പുറത്താകതെ നിന്നു.

317902

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനു മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ജോസ് ബട്ട്ലറെ വിക്കറ്റിനു മുന്നില്‍ കുടുക്കി. എന്നാല്‍ ജേസൺ റോയിയും ഡേവിഡ് മലാനും ചേർന്ന് ഇംഗ്ലണ്ടിനെ കരകയറ്റി. ഇരുവരും ചേർന്ന് 64 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 24 റണ്‍സെടുത്ത മലാനെ പുറത്താക്കി ചഹല്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു.

തൊട്ടു പിന്നാലെ 35 പന്തുകളിൽ നിന്നും നാലു ബൗണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും സഹായത്തോടെ 46 റൺസെടുത്ത റോയിയെ വാഷിങ്ടൺ സുന്ദർ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 91 ന് മൂന്ന് എന്ന നിലയിലായി. അവസാന ഓവറുകളില്‍ കടുത്ത നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഇന്ത്യ ഇംഗ്ലണ്ടിനെ 164 റണ്‍സില്‍ ഒതുക്കി. ബെയര്‍സ്റ്റോ (20), മോര്‍ഗന്‍(28), സ്റ്റോക്ക്സ് (24) എന്നിവര്‍ ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ 150 കടത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടൺ സുന്ദർ, ശാർദുൽ ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ അടുത്ത മത്സരം ചൊവ്വാഴ്ച്ച നടക്കും