ഇംഗ്ലണ്ട് മികച്ച നിലയിലെത്താൻ കാരണം രോഹിതിന്റെ മണ്ടത്തരം. തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് നായകൻ.

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വളരെ ശക്തമായ നിലയിൽ തന്നെയാണ് ഇംഗ്ലണ്ട് നിൽക്കുന്നത്. മത്സരത്തിൽ ഇന്ത്യയ്ക്കുമേൽ രണ്ടാം ദിവസം കൃത്യമായി ആധിപത്യം നേടാൻ ഇംഗ്ലണ്ട് ബാറ്റർമാർക്ക് സാധിച്ചു. എന്നാൽ ഇതിന് ആധാരമായത് ഇന്ത്യൻ നായകൻ രോഹിത് ശർമ ചെയ്ത മണ്ടത്തരമാണ് എന്ന് തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ.

മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ച സമയം മുതൽ ആക്രമിച്ചാണ് കളിച്ചത്. എന്നാൽ ഈ സമയത്ത് രോഹിത് ശർമ അശ്വിന് പന്ത് നൽകാതിരുന്നത് വലിയ മണ്ടത്തരമായി പോയി എന്ന് മൈക്കിൾ വോൺ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതു മത്സരത്തിൽ നിർണായകമായി മാറിയെന്നും വോൺ പറയുന്നു.

Screenshot 20240216 163610 Chrome

ഇന്ത്യ ആദ്യ ഇന്നിങ്സിൽ നേടിയ 445 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനായി തട്ടുപൊളിപ്പൻ തുടക്കമായിരുന്നു ഓപ്പണർമാരായ ക്രോളിയും ഡക്കറ്റും നൽകിയത്. തങ്ങളുടെ സ്വതസിദ്ധമായ ബാസ്ബോൾ ശൈലിയിലാണ് ഇരുവരും ബാറ്റ് വീശിയത്. ഇതോടെ ഇന്ത്യ സമ്മർദ്ദത്തിൽ ആവുകയും ചെയ്തു. എന്നാൽ മത്സരത്തിന്റെ ഏഴാം ഓവറിൽ സ്പിന്നിനെ പരീക്ഷിക്കാൻ രോഹിത് ശർമ തീരുമാനിച്ചിരുന്നു.

പക്ഷേ ഇടങ്കയ്യൻ താരമായ ഡക്കറ്റ് അടിച്ചു തകർക്കുന്ന സമയത്ത് അശ്വിന് പന്ത് നൽകാൻ രോഹിത് തയ്യാറായില്ല. പകരം ഇടംകയ്യൻ സ്പിന്നറായ കുൽദീപ് യാദവിനെയാണ് രോഹിത് ആദ്യം പരീക്ഷിച്ചത്. ഇത് പരാജയപ്പെടുകയും ചെയ്തു. രോഹിത്തിന്റെ ഈ തീരുമാനത്തെ വിമർശിച്ചാണ് മൈക്കിൾ വോൺ രംഗത്ത് എത്തിയത്.

“മത്സരത്തിൽ കാണാൻ സാധിച്ചത് രോഹിത് ശർമയുടെ വളരെ മോശം തന്ത്രം തന്നെയായിരുന്നു. ആദ്യ സമയങ്ങളിൽ അശ്വിന് പന്ത് ലഭിക്കാതിരുന്നതിനാൽ തന്നെ സാഹചര്യങ്ങൾ പരമാവധി ഉപയോഗിക്കാൻ ഡക്കറ്റിന് സാധിച്ചു. മാത്രമല്ല ഇന്നിംഗ്സിന്റെ ആദ്യ 20 ഓവറുകളിൽ രവീന്ദ്ര ജഡേജയ്ക്ക് പന്തു നൽകാൻ പോലും രോഹിത് തയ്യാറായില്ല.

അശ്വിന് പന്ത് നൽകിയത് പന്ത്രണ്ടാം ഓവറിലാണ്. അശ്വിൻ ബോളിംഗ് ക്രീസിൽ എത്തുന്നതിന് മുൻപുതന്നെ ഡക്കറ്റ് അർത്ഥസെഞ്ച്വറി അടക്കം പൂർത്തീകരിച്ചിരുന്നു. അത് ഡക്കറ്റിന് വലിയ ഗുണമായി മാറുകയും ചെയ്തു.”- മൈക്കിൾ വോൺ പറയുന്നു.

മത്സരത്തിൽ രോഹിത് ആദ്യം ഉപയോഗിച്ച സ്പിന്നർ കുൽദീവ് ആയിരുന്നു. തന്റെ ആദ്യ 4 ഓവറുകളിൽ 34 റൺസാണ് കുൽദീപ് വഴങ്ങിയത്. ശേഷമാണ് സമ്മർദ്ദം അധികമായപ്പോൾ രോഹിത് അശ്വിനെ പന്ത് ഏൽപ്പിച്ചത്. അശ്വിൻ തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ക്രോളിയെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 500ആം വിക്കറ്റും സ്വന്തമാക്കാൻ അശ്വിന് സാധിച്ചിരുന്നു. പക്ഷേ അത്രയും സമയം അശ്വിനെ രോഹിത് ശർമ എറിയിക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ല. എന്തായാലും മൂന്നാം ദിവസം ഇന്ത്യ ഇത്തരം മണ്ടത്തരങ്ങൾ ആവർത്തിക്കില്ല എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Previous articleഅവസാന നിമിഷം ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. ആന്ധ്രയെ വിറപ്പിച്ച് ആദ്യ ദിവസം മേൽക്കൈ
Next articleഫീൽഡിങ് തടസപ്പെടുത്തിയതിന്റെ പേരിൽ രഹാനെ ഔട്ട്‌. തിരികെ വിളിച്ച് ആസാം താരങ്ങൾ. സംഭവം ഇങ്ങനെ.