ബോളിങ്ങിൽ സിറാജ്, ബാറ്റിംഗിൽ ജയസ്വാൾ. മൂന്നാം ദിനം ഇന്ത്യൻ ഡോമിനൻസ്.

jaiswal and gill

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം പൂർണ്ണമായ ആധിപത്യം തിരിച്ചുപിടിച്ച് ഇന്ത്യ. രണ്ടാം ദിവസം ശക്തമായി മത്സരം അവസാനിപ്പിച്ച ഇംഗ്ലണ്ടിനെ മൂന്നാം ദിവസം പിടിച്ചു കെട്ടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ആദ്യ ഇന്നിംഗ്സിൽ 126 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.

ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണർ ജയസ്വാൾ വളരെ മികച്ച തുടക്കമാണ് നൽകിയത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചു. മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ 322 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 445 റൺസാണ് ആദ്യ ഇന്നിങ്സിൽ നേടിയത്. ശേഷം മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് ഒരു ആവേശകരമായ തുടക്കമാണ് ഓപ്പണർമാർ നൽകിയത്. രണ്ടാം ദിവസം ശക്തമായ രീതിയിൽ മത്സരം അവസാനിപ്പിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. എന്നാൽ മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ ബാറ്റർമാരെ ഇന്ത്യൻ ബോളർമാർ എറിഞ്ഞിടുകയായിരുന്നു.

ഇംഗ്ലണ്ട് നിരയിൽ 153 റൺസ് സ്വന്തമാക്കിയ ഡക്കറ്റാണ് ബാറ്റിംഗിൽ തിളങ്ങിയത്. മറ്റു ബാറ്റർമാരെ ഇന്ത്യയുടെ ബോളർമാർ വരിഞ്ഞുമുറുകിയതോടെ കാര്യങ്ങൾ ഇന്ത്യയ്ക്ക് കൂടുതൽ അനുകൂലമായി മാറി. ഇന്ത്യക്കായി 4 വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് സിറാജാണ് ബോളിങ്ങിൽ തിളങ്ങിയത്.

Read Also -  കെസിഎൽ ത്രില്ലർ. അവസാന ബോളിൽ വിജയം നേടി കൊല്ലം. ഹീറോയായി ബോളർമാർ.

ഈ മികവിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 319 റൺസിൽ അവസാനിപ്പിക്കാനും, 126 റൺസിന്റെ ലീഡ് കണ്ടെത്താനും ഇന്ത്യയ്ക്ക് സാധിച്ചു. ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയുടെ(19) വിക്കറ്റ് തുടക്കത്തിൽ നഷ്ടമായി. പിന്നീട് ജയസ്വാൾ ശുഭ്മാൻ ഗില്ലിനൊപ്പം ഇന്നിംഗ്സ് പടുത്തുയർത്തുകയായിരുന്നു.

ആദ്യ സമയങ്ങളിൽ പതിയെ കളിച്ച ജയസ്വാൾ, പിന്നീട് തന്റെ ഉഗ്രരൂപത്തിലേക്ക് തിരികെയെത്തി. ഒരു വെടിക്കെട്ട് സെഞ്ച്വറി ഇന്ത്യക്കായി സ്വന്തമാക്കാനും ഈ യുവതാരത്തിന് സാധിച്ചു. മത്സരത്തിൽ 122 പന്തുകളിൽ നിന്നാണ് ജയസ്വാൾ തന്റെ സെഞ്ച്വറി നേടിയത്. മറുവശത്ത് വളരെ പതിയെയാണ് ഗിൽ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്.

133 പന്തുകളിൽ 104 റൺസ് നേടിയ ജയസ്വാൾ പരിക്ക് മൂലം തിരികെ മടങ്ങുകയായിരുന്നു. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 65 റൺസുമായി ഗിൽ ക്രീസിലുണ്ട്. ഇതുവരെ 322 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. നാലാം ദിവസം 400 റൺസിൽ അധികം ലീഡ് കണ്ടെത്തി ഇംഗ്ലണ്ടിനെ പൂർണമായും സമ്മർദ്ദത്തിലാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

അങ്ങനെയെങ്കിൽ ഇംഗ്ലണ്ടിനെതിരെ ഒരു വലിയ വിജയം തന്നെ ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യയെ സംബന്ധിച്ച് മത്സരത്തിലെ വിജയം വളരെ പ്രധാനപ്പെട്ടതാണ്. നാലാം ദിവസവും ഇന്ത്യക്ക് അനുകൂലമായി കാര്യങ്ങൾ ഭവിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top