അവൻ കൂടി ടീമിനൊപ്പം ചേരുന്നത് ഇന്ത്യക്ക് ഇരട്ടി ശക്തി : ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ച്‌ ഇയാൻ ചാപ്പൽ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇന്ത്യൻ മണ്ണിൽ  നടക്കാനിരിക്കുന്ന നാല്  ടെസ്റ്റുകൾ അടങ്ങുന്ന  പരമ്പര ആര് സ്വന്തമാക്കുമെന്ന  പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ്  ഓസ്ട്രേലിയന്‍ മുൻ  ഇതിഹാസ  താരം ഇയാന്‍ ചാപ്പല്‍. ആതിഥേയരായ ഇന്ത്യൻ ടീമിന്  തന്നെയാണ് പരമ്പരയില്‍ ചാപ്പല്‍ മുന്‍തൂക്കം നല്‍കുന്നത്.നേരത്തെ
ഓസീസിനെതിരായ ഇന്ത്യയുടെ  ചരിത്ര പരമ്പര നേട്ടമാണ് അതിന് കാരണമായി ചാപ്പല്‍ ചൂണ്ടിക്കാണിക്കുന്നത് .

“ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം  ശക്തമായ മുന്‍നിര ബാറ്റിംഗ് ലൈനപ്പാണ് എതിരാളികൾക്ക് മേൽ  അവർക്ക് വലിയ  മേല്‍ക്കൈ നേടിക്കൊടുക്കുന്നത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റിംഗ് അത്ര മികച്ചതല്ല. ഓപ്പണര്‍മാരായ ഡോം സിബ്ലിയും റോറി ബേണ്‍സും പരാജയമായി മാറിയാല്‍ ശേഷം ബാറ്റിങ്ങിന് വരുന്ന  നായകൻ  ജോ റൂട്ടിന് മുകളിൽ  ഒരുപാട് അധിക  സമ്മര്‍ദ്ദമുണ്ടാകും. അപ്പോള്‍ റൂട്ടിന് വലിയ സ്‌കോറുകള്‍ നേടി ടീമിനെ രക്ഷിക്കേണ്ടി വരും” ചാപ്പല്‍ പറഞ്ഞു .

ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യൻ ടീം നേടിയ ടെസ്റ്റ് പരമ്പര വിജയം അവരുടെ ആത്മവിശ്വാസം ഉയർത്തുമെന്ന് പറഞ്ഞ ചാപ്പൽ  “എല്ലാ പ്രതിസന്ധികളും മറികടന്നാണ് കഴിഞ്ഞ മാസം  ഓസ്ട്രേലിയക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഐതിഹാസിക വിജയം  സ്വന്തമാക്കിയത്.നായകൻ വിരാട് കോഹ്‌ലിയെ കൂടി  ഇംഗ്ലണ്ട് എതിരായ പരമ്പരയിൽ ഇന്ത്യ ബാറ്റിംഗ് ലൈനപ്പിലേക്ക് ചേര്‍ക്കുന്നതോടെ അത്   ഇന്ത്യൻ ടീം ബുള്ളറ്റ് പ്രൂഫ് വസ്ത്രം  ധരിക്കുന്നതിന്  തുല്യമാണ്. ഓഫ്‌സ്പിന്നർ ആര്‍. അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ തുടങ്ങിയവര്‍ കൂടി പ്ലെയിങ് ഇലവനിൽ  ചേരുന്നതോടെ പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ടീമായി ഇന്ത്യ മാറും.” ചാപ്പൽ അഭിപ്രായം വ്യക്തമാക്കി .

ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ആദ്യ ടെസ്റ്റ് മത്സരത്തോടെ  തുടക്കമാവുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ  രണ്ട്  ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നത് . ശേഷിച്ച രണ്ടെണ്ണം അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലുമാണ് നടക്കുക .