ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ എന്ന സ്വപ്നതുല്യ നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ ഇഷാന്ത് ശര്‍മ.ചെപ്പോക്കിൽ നാടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ നാലാം ദിനം ഇംഗ്ലണ്ട് ടീമിന്റെ രണ്ടാം ഇന്നിംഗ്സ് ബാറ്റിങിനിടയിൽ ഡാനിയേല്‍ ലോറന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഇഷാന്ത് നാഴികക്കല്ല് പിന്നിട്ടത്. മുന്നൂറ് വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറാണ് താരം . നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പേസറാണ് ഇഷാന്ത് ശർമ്മ .
തന്റെ കരിയറിലെ 98-ാം ടെസ്റ്റിലാണ് ഇഷാന്ത് ശർമ്മ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. 98 ടെസ്റ്റുകളിൽ നിന്ന് 32.25 ശരാശരിയിലാണ് ഈ നേട്ടം. 11 തവണ അഞ്ച് വിക്കറ്റ് നേട്ടം ടെസ്റ്റിൽ സ്വന്തമാക്കിയ ഇഷാന്ത് . 10 തവണ ടെസ്റ്റിൽ വിക്കറ്റ് നേട്ടവും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് . കൂടാതെ ഒരു ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ ബൗളെർമാരുടെ പട്ടിക പരിശോധിച്ചാൽ 619 ഇരകളെ വീഴ്ത്തിയിട്ടുള്ള ഇതിഹാസ താരം അനില്‍ കുംബ്ലെയാണ് ഒന്നാമന്‍. പിന്നില്‍ 434 വിക്കറ്റുകള്‍ നേടിയിട്ടുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. പേസര്‍മാരുടെ പട്ടികയില്‍ 400ല്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ള ഏക ഇന്ത്യന്‍ താരവും കപില്‍ തന്നെ. 417 വിക്കറ്റ് നേടിയിട്ടുള്ള ഹര്‍ഭജന്‍ സിംഗാണ് മൂന്നാമതുള്ളത്. 382 വിക്കറ്റോടെ ആര്‍ അശ്വിന്‍ നാലാം സ്ഥാനത്തുണ്ട്. 311 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള സഹീര്‍ ഖാന്‍ ഇഷാന്ത് മുന്നില്‍ ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ അഞ്ചാമതുണ്ട്.
അതേസമയം ടെസ്റ്റ് കരിയറിലെ വലിയൊരു നാഴികക്കല്ല് പിന്നിട്ട ഇഷാന്ത് ശർമയെ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍, പ്രഗ്യാന്‍ ഓജ, മനോജ് തിവാരി, ഹര്‍ഭജന്‍ സിംഗ്, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ അഭിനന്ദിച്ചു. ടെസ്റ്റ് ക്രിക്കറ്റിനോടുള്ള നിങ്ങളുടെ ആത്മാര്‍ത്ഥത എപ്പോഴും ആരാധനയോടെ മാത്രമെ നോക്കികണ്ടിട്ടുള്ളൂവെന്ന് ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചിട്ടു.