നാട്ടിലും വിദേശത്തും അർദ്ധ സെഞ്ച്വറി : അപൂർവ്വ നേട്ടവുമായി വാഷിംഗ്‌ടൺ സുന്ദർ

കഴിഞ്ഞ മാസം അവസാനിച്ച ഇന്ത്യയുടെ  ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് വാഷിംഗ്‌ടൺ സുന്ദര്‍ ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറിയത്. പരമ്പരയിലെ അവസാന ടെസ്റ്റിൽ താരം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി . ബ്രിസ്‌ബേനില്‍ നടന്ന അവസാന ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായിട്ടാണ് തമിഴ്‌നാട്ടുകാരന്‍ കളിച്ചത്. രണ്ട് ഇന്നിങ്‌സുകളിലുമായി 84 റണ്‍സാണ് താരം നേടിയത്. കൂടാതെ ബൗളിങ്ങിൽ  നാല് വിക്കറ്റും  താരം സ്വന്തമാക്കി.താരത്തിന്റെ  പ്രകടനത്തെ ക്രിക്കറ്റ് ആരാധകരും മുൻ താരങ്ങളും ഏറെ പ്രശംസിച്ചിരുന്നു .

അരങ്ങേറ്റത്തിലെ മികച്ച പ്രകടനം താരത്തിന് ഇംഗ്ലണ്ടിനെതിരായ  നാട്ടിൽ നടക്കുന്ന ആദ്യ ടെസ്റ്റിലും അവസരം നല്‍കി.  ബൗളിങ്ങിൽ രണ്ട് ഇന്നിങ്സിലും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യയിലെ ആദ്യ മത്സരത്തിലും താരം അര്‍ധ സെഞ്ചുറി നേടി. ഇതോടെ ഒരു അത്യപൂര്‍വ റെക്കോഡ് 21കാരനെ തേടിയെത്തി. വിദേശത്തും നാട്ടിലും അരങ്ങേറ്റ ഇന്നിങ്സിൽ ഇന്ത്യൻ  ടീമിന്  വേണ്ടി ടെസ്റ്റില്‍ ഫിഫ്റ്റിയടിച്ച എട്ടാമത്തെ താരമായി  സുന്ദർ മാറി.

1940 കാലയളവിൽ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്ന റുസി മോഡിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. പിന്നീട് അരുണ്‍ ലാല്‍, സുരീന്ദര്‍ അമര്‍നാഥ് എന്നിവരുടം പട്ടികയില്‍ ഇടം നേടി. മുന്‍ ക്യാപ്റ്റനും നിലവില്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി, സുരേഷ് റെയ്ന,  ആൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍ എന്നിവരും  അപൂർവ നേട്ടം സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ അംഗങ്ങളാണ്.