ഐപിഎല്ലിൽ ഓപ്പണറായി ഞാൻ ഉണ്ടാകും : ഏകദിനത്തിലും ഭാവിയിൽ രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യും -നയം വ്യക്തമാക്കി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ വിരാട് കോലി- രോഹിത് ശര്‍മ സഖ്യം ഓപ്പണിംഗിനെത്തുമെന്ന് ക്രിക്കറ്റ് പ്രേമികൾ ആരും  കരുതിയിരുന്നില്ല.
ഒരുപക്ഷേ  പരിക്ക് മാറി ഇഷാന്‍ കിഷന്‍ ഓപ്പണറാവുമെന്നും അതുമല്ലെങ്കില്‍ കെ എല്‍ രാഹുലിന് മറ്റൊരു അവസരം കൂടി നല്‍കുമെന്നായിരുന്നു എല്ലാവരും കരുതിയത്  . എന്നാല്‍ എല്ലാവരേയും അമ്പരിപ്പിച്ച് ഇരുവരും ക്രീസിലെത്തി. ആ കൂട്ടുകെട്ട് വിജയകരമാവുകയും ചെയ്തു. ആദ്യ വിക്കില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. കോഹ്ലി 80 റൺസോടെ മത്സരത്തിൽ പുറത്താവാതെ ബാറ്റിങ്ങിൽ തിളങ്ങി .ഇതോടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഓപ്പണറായി കോഹ്ലി എത്തുന്നതിന്റെ സന്തോഷം ആരാധകർ പങ്കുവെച്ചിരുന്നു .

എന്നാൽ ഇംഗ്ലണ്ടിനെതിരായ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ കോഹ്ലി ഓപ്പണറായി എത്തുമോ എന്ന ആകാംഷ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഉണ്ടായിരുന്നു .പക്ഷേ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ശിഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയെന്ന് ഇപ്പോൾ  വ്യക്തമാക്കുകയാണ്   ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .കോഹ്ലി പറയുന്നത് ഇങ്ങനെയാണ് “ഭാവിയില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങുന്ന കാര്യം തന്‍റെ സജീവ പരിഗണയിലുണ്ട്  .   ടീമിൽ ആരൊക്കെ ഓപ്പണറായി ഇറങ്ങണമെന്ന കാര്യത്തില്‍ ടീം  സെലക്ടര്‍മാര്‍ക്ക് തീരുമാനിക്കാനാവില്ല. അവിടെ ടീം മാനേജ്മെന്‍റാണ് അന്തിമ തീരുമാനം എടുക്കുന്നത്. അതുപോലെ ടീം സെലക്ട് ചെയ്യുമ്പോള്‍ ഇന്ത്യൻ ടീം  സെലക്ടര്‍മാരുടെ അധികാരത്തില്‍  മാനേജ്മെന്‍റിനും  ഒരുതരത്തിലും പങ്കില്ല.
ടീമിന്റെ സന്തുലനാവസ്ഥയാണ് പ്രധാനം “
കോഹ്ലി തന്റെ അഭിപ്രായം വിശദമാക്കി .

അതേസമയം വരുന്ന ഐപിൽ സീസണിൽ ഓപ്പണറായി തന്നെ ബാറ്റ് ചെയ്യുമെന്നാണ് കോഹ്ലി പറയുന്നത് .
” ഓപ്പണറായി  ഞാൻ ഐപിഎല്ലിൽ എത്തും.  ടീമിനായി എല്ലാ സാധ്യതകളും പരീക്ഷിക്കുന്നതിനു വേണ്ടിയാണത്. മൂന്നാം നമ്പറിലും നാലാം നമ്പറിലും ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഇനി ടീമിൽ  ഓപ്പണറെന്ന നിലയില്‍ എന്‍റെ പ്രകടനം കൂടി  നന്നായി വിലയിരുത്തേണ്ടതുണ്ട്. ഓപ്പണറായി തിളങ്ങാന്‍ കഴിഞ്ഞാല്‍ സൂര്യകുമാര്‍ യാദവിനെപ്പോലൊരു കളിക്കാരന്  പ്ലെയിങ് ഇലവനിൽ  അവസരങ്ങള്‍ ഒരുക്കാനാവും.”കോഹ്ലി പറഞ്ഞുനിർത്തി .ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ നായകനാണ് വിരാട് കോഹ്ലി .

Previous articleറോഡ് സേഫ്റ്റി സീരീസിലും സിക്സർ കിങ്ങായി യുവരാജ് :അറിയാം ടൂർണമെന്റിലെ ഇതിഹാസ താരങ്ങളുടെ നേട്ടങ്ങൾ
Next articleശ്രേയസ്സ് അയ്യര്‍ ഇംഗ്ലീഷ് ക്ലബിലേക്ക്. റോയല്‍ ലണ്ടന്‍ കപ്പില്‍ ഭാഗമാകും.