കൂറ്റന്‍ വിജയവുമായി ഇന്ത്യ. പരാജയമറിയാതെ രോഹിത് ശര്‍മ്മയും ടീമും മുന്നോട്ട്

GQsWOM2aIAAO0M3 scaled

ബംഗ്ലാദേശിനെതിരായ സൂപ്പർ 8 മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായ ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത്. ബാറ്റിംഗിൽ ഇന്ത്യയുടെ മുൻനിര- മധ്യനിര ബാറ്റർമാരൊക്കെയും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.

അർദ്ധസെഞ്ച്വറി നേടിയ ഹർദിക് പാണ്ട്യയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ. ശേഷം കുൽദീവ് യാദവ് ബോളിങ്ങിൽ ബംഗ്ലാദേശിന്റെ അന്തകനായി മാറുകയായിരുന്നു. ബൂമ്രയും അർഷദീപും കൃത്യമായ രീതിയിൽ വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യയെ വിജയത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ സെമിഫൈനൽ ഏകദേശം ഉറപ്പിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ഇന്ത്യ പുറത്തെടുത്തത്. സൂര്യകുമാർ ഒഴികെയുള്ള മുഴുവൻ ഇന്ത്യൻ ബാറ്റർമാരും മത്സരത്തിൽ രണ്ടക്കം കാണുകയുണ്ടായി. നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയും വളരെ മികച്ച രീതിയിൽ ഇന്നിംഗ്സ് ആരംഭിച്ചു.

രോഹിത് മത്സരത്തിൽ 11 പന്തുകളിൽ 3 ബൗണ്ടറികളും ഒരു സിക്സറുമടക്കം 24 റൺസാണ് നേടിയത്. കോഹ്ലി 28 പന്തുകളിൽ 37 റൺസുമായി മികച്ച സംഭാവന നൽകി. ശേഷമെത്തിയ പന്തും വെടിക്കെട്ട് തീർക്കുകയുണ്ടായി. 24 പന്തുകളിൽ 4 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 36 റൺസാണ് പന്ത് നേടിയത്.

Read Also -  അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചു. സൂപ്പര്‍ 8 ല്‍ ഇന്ത്യക്ക് ഗംഭീര തുടക്കം.

ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ ഇന്ത്യയ്ക്കായി വെടിക്കെട്ട് തീർത്തത് ശിവം ദുബയും ഹർദിക് പാണ്ഡ്യയുമാണ്. ദുബെ മത്സരത്തിൽ 24 പന്തുകളിൽ 34 റൺസ് നേടിയപ്പോൾ ഹർദിക് പാണ്ഡ്യ ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായി മാറുകയായിരുന്നു. 27 പന്തുകൾ നേരിട്ട പാണ്ട്യ മത്സരത്തിൽ 50 റൺസ് നേടുകയുണ്ടായി.

4 ബൗണ്ടറികളും 3 സിക്സറുകളുമാണ് പാണ്ട്യയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഇങ്ങനെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 196 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. വലിയ വിജയലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ ബംഗ്ലാദേശിന് തരക്കേടില്ലാത്ത ഒരു ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് ലഭിച്ചത്. പക്ഷേ ശക്തമായ ബോളിങ് പ്രകടനത്തിലൂടെ ഇന്ത്യ ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ പൂട്ടിക്കെട്ടി.

നായകൻ ഷാന്റോ 32 പന്തുകളിൽ 40 റൺസുമായി ക്രീസിലുറച്ചു. പക്ഷേ മറ്റു ബാറ്റർമാർ ഒക്കെയും പരാജയപ്പെട്ടപ്പോൾ അനായാസമായ വിജയത്തിലേക്ക് ഇന്ത്യ നീങ്ങുകയായിരുന്നു. ഇന്ത്യക്കായി മധ്യ ഓവറുകളിൽ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചത് സ്പിന്നർ കുൽദീപ് യാദവാണ്.

4 ഓവറുകളിൽ കേവലം 19 റൺസ് മാത്രം വിട്ടു നൽകിയ കുൽദീപ് 3 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. ഒപ്പം അവസാന ഓവറുകളിൽ ബൂമ്രയും അർഷദീപ് സിംഗും 2 വിക്കറ്റുകൾ വീതം സ്വന്തമാക്കി ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. ഇന്ത്യയുടെ വിജയത്തോടെ ബംഗ്ലാദേശിന്റെ സെമിഫൈനൽ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്.

Scroll to Top