വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞിട്ടു. അവസരം മുതലാക്കി സഞ്ചു. സൂര്യ – ഹര്‍ദ്ദിക്ക് വെടിക്കെട്ടില്‍ ഇന്ത്യക്ക് വിജയം.

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 7 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 49 പന്തുകൾ ബാക്കി നിൽക്കവെയാണ് ഇന്ത്യ ഭീമകാരമായ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്കായി ബോളിങ്ങിൽ തിളങ്ങിയത് അർഷദീപ് സിംഗും വരുൺ ചക്രവർത്തിയുമാണ്.

ബാറ്റിംഗിൽ ഹർദിക് പാണ്ഡ്യയും സഞ്ജു സാംസണും സൂര്യകുമാർ യാദവും മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ 3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനമാണ് ഇന്ത്യക്കായി തങ്ങളുടെ പേസർമാർ കാഴ്ചവച്ചത്. അർഷദീപ് സിംഗ് മത്സരത്തിന്റെ ആദ്യ സമയത്ത് തന്നെ ബംഗ്ലാദേശിന് വലിയ ഭീഷണി സൃഷ്ടിച്ചു. ശേഷം ബംഗ്ലാദേശിന്റെ നായകൻ ഷാന്റോ മാത്രമാണ് അല്പമെങ്കിലും ക്രീസിലുറച്ചത്. 25 പന്തുകളിൽ 27 റൺസ് നേടിയ ഷാന്റോ സ്കോറിങ് ഉയർത്തുന്നതിനിടെ മടങ്ങുകയായിരുന്നു. പിന്നീട് മധ്യനിരയിൽ മെഹദി ഹസൻ മിറാസ് ബംഗ്ലാദേശിനായി പൊരുതി. 32 പന്തുകളിൽ 35 റൺസാണ് മെഹദി ഹസൻ നേടിയത്.

എന്നാൽ മറുവശത്ത് മറ്റ് ബാറ്റർമാർക്ക് ഇന്ത്യൻ ബോളിംഗ് നിരയുടെ മുൻപിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. അർഷദീപ് സിംഗ് 3 വിക്കറ്റുകളും വരുൺ ചക്രവർത്തി 3 വിക്കറ്റുകളും സ്വന്തമാക്കിയപ്പോൾ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് കേവലം 127 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി _മികച്ച ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. പക്വതയാർന്ന രീതിയിൽ സ്കോറിങ് ഉയർത്താൻ സഞ്ജുവിന് സാധിച്ചു. പവർപ്ലേ ഓവറുകളിൽ സഞ്ജു കൃത്യമായി റൺസ് കണ്ടെത്തി. മറുവശത്ത് അഭിഷേക് ശർമ 7 പന്തുകളിൽ 16 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും ഒരു റൺഔട്ട് ആയി മടങ്ങുകയായിരുന്നു.

മത്സരത്തിൽ 19 പന്തുകളിൽ 29 റൺസാണ് സഞ്ജു സാംസൺ നേടിയത്. ശേഷമെത്തിയ നായകൻ സൂര്യകുമാർ യാദവും വെടിക്കെട്ട് തുടരുകയുണ്ടായി. 14 പന്തുകൾ നേരിട്ട സൂര്യ മത്സരത്തിൽ 29 റൺസ് നേടി. 2 ബൗണ്ടറികളും 3 പടുകൂറ്റൻ സിക്സറുകളുമാണ് സൂര്യകുമാറിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്.

സൂര്യയും സഞ്ജുവും പുറത്തായ ശേഷം നിതീഷ് റെഡ്ഢിയും ഹർദിക് പാണ്ട്യയും ചേർന്ന് ഇന്ത്യയെ പതിയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. അവസാന ഓവറകളിൽ ഇന്ത്യക്കായി തീയായി മാറാൻ ഹർദിക് പാണ്ട്യയ്ക്ക് സാധിച്ചു. 16 പന്തുകളിൽ 5 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 39 റൺസാണ് ഹർദിക് നേടിയത്.

Previous articleഅവസരം മുതലാക്കി സഞ്ചു സാംസണ്‍. ഓപ്പണിങ്ങിറങ്ങി 19 പന്തിൽ 29 റൺസ്.
Next article“ടീം മീറ്റിങ്ങിലെ തന്ത്രങ്ങൾ വിജയം കണ്ടു”, മത്സരശേഷം സൂര്യകുമാർ യാദവിന്റെ വാക്കുകൾ.