ബുമ്ര ഇല്ലാതിരുന്നത് കൊണ്ടാണ് ഇന്ന് ഞങ്ങൾ ജയിച്ചത്. ഉസ്മാൻ ഖവാജ തുറന്ന് പറയുന്നു.

ബോർഡർ- ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിന് ശേഷം ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് ഓസ്ട്രേലിയയുടെ ഓപ്പണർ ഉസ്മാൻ ഖവാജ. അവസാന ടെസ്റ്റ്‌ മത്സരത്തിന്റെ മൂന്നാം ദിവസം ബൂമ്ര പരിക്കുമൂലം മാറി നിന്നതാണ് തങ്ങളുടെ വിജയത്തിൽ പ്രധാന കാരണമായി മാറിയത് എന്ന് ഖവാജ പറയുന്നു.

താൻ ലോക ക്രിക്കറ്റിൽ നേരിട്ടുള്ള ബോളർമാരിൽ ഏറ്റവും പ്രയാസകരമായ പന്തുകൾ ബൂമ്രയുടേതാണ് എന്ന് ഖവാജ തുറന്നു പറയുകയുണ്ടായി. ബോർഡർ- ഗവാസ്കർ ട്രോഫിയിൽ 5 മത്സരങ്ങളിൽ നിന്നും 32 വിക്കറ്റുകളാണ് ബൂമ്ര സ്വന്തമാക്കിയത്. 13.06 എന്ന ശരാശരിയിലായിരുന്നു ബൂമ്ര വിക്കറ്റുകൾ കൊയ്തത്. ഇതിന് ശേഷമാണ് ഇപ്പോൾ ഖവാജ രംഗത്ത് എത്തിയിരിക്കുന്നത്.

“ബൂമ്രയെ നല്ല രീതിയിൽ ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. ബൂമ്രയ്ക്ക് പരിക്കുപറ്റിയത് വളരെ നിരാശജനകമായി. എന്നിരുന്നാലും ഞങ്ങൾ ദൈവത്തോട് നന്ദി പറയുന്നു. കാരണം ഇങ്ങനെയൊരു വിക്കറ്റിൽ ഇന്ന് ബൂമ്രയെ നേരിടുക എന്നത് വലിയൊരു ദുസ്വപ്നമായിരുന്നു. പക്ഷേ മൈതാനത്ത് ബൂമ്ര ഇറങ്ങിയില്ല എന്ന് മനസ്സിലാക്കിയ ഞങ്ങൾ കുറച്ച് ആശ്വസിച്ചു. അവിടെ നിന്നാണ് ഞങ്ങൾക്ക് മത്സരത്തിൽ വിജയിക്കാൻ സാധ്യതയുണ്ട് എന്ന ആദ്യ തോന്നലുണ്ടായത്. ഞാൻ ഇതുവരെ നേരിട്ടിട്ടുള്ള ബോളർമാരിൽ ഏറ്റവും പ്രയാസകരമായ പന്തുകൾ ബുമ്രയുടേതാണ്.”- ഖവാജ പറഞ്ഞു.

ബൂമ്ര ഒരു വ്യത്യസ്തനായ ബോളറാണ് എന്ന ഉസ്മാൻ ഖവാജ പറയുകയുണ്ടായി. അതേസമയം താൻ അവന്റെ ബോളിംഗ് ശൈലിയും ബോളിഗ് സ്വഭാവവുമൊക്കെ വളരെയധികം ഇഷ്ടപ്പെടുന്നതായും താരം കൂട്ടിച്ചേർത്തു. ബൂമ്രയെ അങ്ങേയറ്റം പ്രശംസിച്ചാണ് ഓസ്ട്രേലിയയുടെ മറ്റൊരു താരമായ ഹെഡും സംസാരിച്ചത്. എല്ലാ കാര്യങ്ങളിലും ഒരു പുഞ്ചിരിയിലൂടെ മറുപടി നൽകാൻ ബുമ്രയ്ക്ക് സാധിക്കാറുണ്ട് എന്നും ഹെഡ് കൂട്ടിച്ചേർക്കുകയുണ്ടായി. “ബുമ്ര ഇന്ന് ബോൾ ചെയ്യുന്നില്ല എന്ന് ഉറപ്പായതോടെ ഞങ്ങൾ 15 പേരും വളരെ സന്തോഷത്തിലായി. കാരണം അവനൊരു വലിയ താരം തന്നെയാണ്. അവനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ പര്യടനമായിരുന്നു”- ഹെഡ് കൂട്ടിച്ചേർത്തു.

മത്സരത്തിലെ തന്റെ പ്രകടനത്തെപ്പറ്റിയും ഹെഡ് സംസാരിക്കുകയുണ്ടായി. “ടീമിനായി സംഭാവന നൽകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. പലപ്പോഴും ഞാൻ ഫലങ്ങളെ ഓർത്ത് മൈതാനത്ത് കളിക്കാറില്ല. 2 മികച്ച ടീമുകളാണ് മൈതാനത്ത് ഏറ്റുമുട്ടിയത്. കൃത്യസമയത്ത് മത്സരത്തിൽ സംഭാവനകൾ നൽകാൻ എനിക്ക് സാധിച്ചു. എല്ലായിപ്പോഴും പുറത്തെടുക്കുന്ന സമീപനം തന്നെയാണ് ഞാൻ ഇവിടെയും കാട്ടിയത്. നന്നായിത്തന്നെ ചലനങ്ങൾ ഉണ്ടാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.”- ഹെഡ് കൂട്ടിച്ചേർക്കുകയുണ്ടായി.

Previous articleരോഹിത് പോയി രഞ്ജി ട്രോഫി കളിച്ചിട്ട് വരൂ. ഫോമിലെത്താൻ വഴി നിർദ്ദേശിച്ച് ഗവാസ്കർ.