PM ഇലവനെ തോൽപിച്ച് ഇന്ത്യ. രണ്ടാം പരിശീലന മത്സരത്തിൽ 5 വിക്കറ്റ് വിജയം.

ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടന്ന പരിശീലന മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ. 2 ദിവസങ്ങളും നീണ്ടു നിൽക്കുന്ന മത്സരമായിരുന്നു ഇന്ത്യയും പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നിശ്ചയിച്ചിരുന്നത്.

എന്നാൽ അഡ്ലൈഡിൽ ആദ്യ ദിവസം മഴ വില്ലനായി എത്തുകയും, മത്സരം തടസപ്പെടുത്തുകയും ചെയ്തു. ശേഷം രണ്ടാം ദിവസം 46 ഓവറുകളാക്കി മത്സരം ചുരുക്കുകയായിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. യുവതാരങ്ങളായ ജയസ്വാളും ഗില്ലും ബാറ്റിംഗിൽ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുകയുണ്ടായി. ബോളിങ്ങിൽ ഹർഷിത് റാണയാണ് മികവ് പുലർത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ ശക്തമായ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഇന്ത്യയ്ക്കെതിരെ കാഴ്ചവെച്ചത്. തുടക്കത്തിൽ തന്നെ റിൻഷോയെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ശേഷം ആകാശ് ദീപും വിക്കറ്റ് വേട്ട ആരംഭിച്ചതോടെ പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ അല്പമൊന്ന് വിറച്ചു. എന്നാൽ ഓപ്പണർ കോൺസ്റ്റാസ് തകർപ്പൻ സെഞ്ച്വറി നേടി പ്രൈം മിനിസ്റ്റേഴ്സ് ഇലവന് മികച്ച സ്കോർ നൽകുകയായിരുന്നു. 97 പന്തുകളിൽ 14 ബൗണ്ടറികളും ഒരു സിക്സറുമടക്കം 107 റൺസാണ് കോൺസ്റ്റാസ് നേടിയത്. ഒപ്പം നാലാമനായി ക്രീസിലെത്തിയ ക്ലേറ്റൻ 40 റൺസ് നേടുകയുണ്ടായി.

എന്നാൽ മധ്യനിരയിലെ ബാറ്റർമാരെ തുടർച്ചയായി പുറത്താക്കിയ ഹർഷിത് റാണ ഇന്ത്യക്കായി മികവ് പുലർത്തി. അവസാന ഓവറുകളിൽ 60 പന്തുകളിൽ 61 റൺസ് നേടിയ ജേക്കബ്സ് മാത്രമാണ് പ്രൈം മിനിസ്റ്റേഴ്സ് ഇലവന് വേണ്ടി പൊരുതിയത്. മത്സരത്തിൽ 240 റൺസ് സ്വന്തമാക്കി പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ ഓൾഔട്ട് ആവുകയുണ്ടായി. ഇന്ത്യൻ നിരയിൽ ഹർഷിദ് റാണ 4 വിക്കറ്റുകളും ആകാശ് ദീപ് 2 വിക്കറ്റുകളുമാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് ജയസ്വാളും രാഹുലുമാണ്. മത്സരത്തിന്റെ തുടക്കത്തിൽ അല്പം പതറിയെങ്കിലും ഇരുവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി.

59 പന്തുകളിൽ 45 റൺസാണ് മത്സരത്തിൽ ജയസ്വാൾ നേടിയത്. രാഹുൽ 27 റൺസ് നേടി റിട്ടയേർഡ് ഹർട്ട് ആയി. മത്സരത്തിൽ ഒരു അർധസെഞ്ച്വറി നേടി മികവ് പുലർത്താൻ ഗില്ലിനും സാധിച്ചു. പക്ഷേ നായകൻ രോഹിത് ശർമയ്ക്ക് തന്റെ പരിശീലനത്തിനുള്ള അവസരം നന്നായി മുതലാക്കാൻ സാധിച്ചില്ല. കേവലം 3 റൺസ് മാത്രമാണ് രോഹിത് പരിശീലന മത്സരത്തിൽ നേടിയത്.

ശേഷമെത്തിയ നിതീഷ് റെഡ്ഡി ഒരു ഏകദിന മത്സരം കളിക്കുന്ന രീതിയിലാണ് മത്സരത്തെ സമീപിച്ചത്. 32 പന്തുകളിൽ 42 റൺസ് നേടിയാണ് റെഡ്ഡി പുറത്തായത്. ശേഷം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും അവസാന സമയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യ 5 വിക്കറ്റുകൾക്ക് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഡിസംബർ 6നാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്.

Previous articleരോഹിതിനും കോഹ്ലിയ്ക്കും പകരക്കാരുണ്ടാവും. പക്ഷേ ഈ 2 താരങ്ങൾക്ക് ഉണ്ടാവില്ല. പൂജാര പറയുന്നു.
Next articleരാഹുലിന് ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞു നൽകി രോഹിത്. പ്രശംസകളുമായി ആരാധകർ