ഓസീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനവും കൃത്യമായ ആധിപത്യം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ ഓസീസിന്റെ ആദ്യ ഇന്നിങ്സ് സ്കോർ അനായാസം ഇന്ത്യ മറികടക്കുകയുണ്ടായി. നായകൻ രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും(66) അക്ഷർ പട്ടേലിന്റെയും(52) മികവാർന്ന ബാറ്റിംഗ് പ്രകടനങ്ങളാണ് രണ്ടാം ദിവസം ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്. രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ 144 റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയിട്ടുള്ളത്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 7 വിക്കറ്റിനു 321 എന്ന നിലയിലാണ് ഇന്ത്യ
ആദ്യദിനം ഓസീസിനെ177 എന്ന സ്കോറിൽ ഒതുക്കി, ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയായിരുന്നു ഓപ്പണർമാർ നൽകിയത്. രണ്ടാം ദിവസവും അതിന്റെ തുടർച്ചയെന്നോളമാണ് നായകൻ രോഹിത് ശർമ കളിച്ചത്. ഒരു വശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായപ്പോഴും മറുവശത്ത് രോഹിത് മികവ് കാട്ടി. തന്റെ ഒൻപതാം ടെസ്റ്റ് സെഞ്ച്വറി നേടിയ രോഹിത് 120 റൺസ് ആണ് ഇന്നിങ്സിൽ നേടിയത്. എന്നാൽ പൂജാരയും(7) കോഹ്ലിയും(12) അടക്കമുള്ള സീനിയർ ബാറ്റർമാർ പരാജയപ്പെട്ടത് മത്സരത്തിൽ ഇന്ത്യയെ ബാധിച്ചു.
പക്ഷേ ഏഴാമനായി ക്രീസിലെത്തിയ ജഡേജ രോഹിത്തിനൊപ്പം ഇന്ത്യയ്ക്കായി നിലകൊണ്ടു. വളരെ ശാന്തനായി കളിച്ച ജഡേജ ഇന്ത്യയ്ക്ക് ലീഡ് നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇന്നിംഗ്സിൽ 114 പന്തുകളിൽ നിന്നായിരുന്നു ജഡേജ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ അക്ഷർ പട്ടേലും ജഡേജയോടൊപ്പം നിലകൊണ്ടതോടെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ കുതിച്ചു. രണ്ടാം ദിനം കളി നിർത്തുമ്പോൾ 144 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് ഇന്ത്യ നേടിയിട്ടുണ്ട്.
മത്സരത്തിൽ ഇനിയും മൂന്നു ദിവസങ്ങൾ അവശേഷിക്കുന്നതിനാൽ തന്നെ ആദ്യ ഇന്നിങ്സിൽ ഒരു വമ്പൻ ലീഡ് നേടാനാണ് ഇന്ത്യയുടെ ശ്രമം. പിച്ച് കൂടുതലായി സ്പിന്നിന് അനുകൂലമാകുന്ന സാഹചര്യത്തിൽ, നേടുന്ന ഓരോ റണ്ണും ഇന്ത്യയ്ക്ക് വിലപ്പെട്ടതാണ്.