ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ രണ്ട് കളിക്കാരാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഒന്ന് വിക്കറ്റ് കീപ്പർ ബാറ്റർ കെ എസ് ഭരതും, മറ്റേത് സൂര്യകുമാർ യാദവും. വളരെ വൈകാരികപരമായ നിമിഷങ്ങളായിരുന്നു ഇരുവർക്കും തങ്ങളുടെ അരങ്ങേറ്റ മത്സരത്തിനു മുൻപ് ഉണ്ടായത്. ഇരുവരുടെയും കുടുംബാംഗങ്ങളടക്കം മൈതാനത്ത് ഇരുവർക്കും ആശംസകൾ നൽകുകയുണ്ടായി. ഇതിൽ കെഎസ് ഭരത് ആദ്യ ടെസ്റ്റിന് മുൻപ് തന്റെ മാതാവിനെ ആലിംഗനം ചെയ്യുന്ന ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലാവുകയും ഉണ്ടായി. ‘ഒരമ്മയുടെ ആഗ്രഹം മകൻ സാധിച്ചപ്പോൾ’ എന്ന ശീർഷകത്തിലായിരുന്നു ഈ ഫോട്ടോ ശ്രദ്ധ പിടിച്ചുപറ്റിയത്.
ഏതൊരു ക്രിക്കറ്ററെ സംബന്ധിച്ചും അഭിമാന നിമിഷം തന്നെയാണ് തങ്ങളുടെ ദേശീയ ടീമിനായി കളിക്കുക എന്നുള്ളത്. ആ നിമിഷം വന്നു ചേരുമ്പോഴുള്ള സന്തോഷം വിളിച്ചോതുന്നതാണ് ഈ വൈകാരിക രംഗങ്ങൾ. ഇന്ത്യൻ താരം പൂജാരയുടെ കയ്യിൽ നിന്നായിരുന്നു ഭരത് തന്റെ ക്യാപ് സ്വീകരിച്ചത്. ആ നിമിഷത്തെ ആവേശത്തെ പറ്റി ബിസിസിഐ ഷെയർ ചെയ്ത വീഡിയോയിൽ ഭരത് സംസാരിക്കുകയുണ്ടായി.
“എന്നെ സംബന്ധിച്ച് ഇതൊരു അഭിമാന നിമിഷമാണ്. ഞാൻ വികാരാധീനനാണ്. ഇത് എന്റെ മാത്രം സ്വപ്നമായിരുന്നില്ല. ഞാൻ ഈ നിലയിൽ ഉയരുന്നതായും ഇന്ത്യക്കായി നന്നായി കളിക്കുന്നതായും ഒരുപാട് പേർ സ്വപ്നം കണ്ടിരുന്നു.”- കെ എസ് ഭരത് പറയുന്നു.
“ഒരുപാട് കഠിനപ്രയത്നങ്ങളും, വർഷങ്ങളായുള്ള എന്റെ സഹതാരങ്ങളുടെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും കോച്ചുകളുടെയുമൊക്കെ പിന്തുണയുമാണ് ഞാൻ ഇവിടെയെത്താൻ കാരണം. അവരില്ലായിരുന്നുവെങ്കിൽ ഇതൊന്നും യാഥാർത്ഥ്യമാകുമായിരുന്നില്ല. എന്നെ പിന്തുണച്ച് ഒപ്പം നിന്നവർക്കാണ് ഇതിൽ കടപ്പാട് മുഴുവനും.”- ഭരത് കൂട്ടിച്ചേർക്കുകയുണ്ടായി.