ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും ഉഗ്രൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ 2-0നു മുൻപിൽ എത്തിയിട്ടുണ്ട്. മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്ക് വലിയൊരു ചുവടു കൂടെയാണ് ഈ വിജയത്തോടെ ഇന്ത്യ വച്ചിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യക്കായി 10 വിക്കറ്റുകൾ സ്വന്തമാക്കിയ ജഡേജയാണ് വിജയശില്പി ആയത്. ടെസ്റ്റിൽ ടോസ് വിജയിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ടെസ്റ്റിന് വിപരീതമായി വളരെ മികവാർന്ന രീതിയിലാണ് ഓസീസ് ബാറ്റർമാർ രണ്ടാം ടെസ്റ്റിൽ ആരംഭിച്ചത്. ആദ്യ ഇന്നിംഗ്സിൽ 81 റൺസ് നേടിയ ഉസ്മാൻ ഖവാജയും 72 റൺസെടുത്ത ഹാൻസ്കൊമ്പും ഓസീസ് ബാറ്റിംഗിന്റെ നട്ടെല്ലായി മാറുകയായിരുന്നു. ഇവരുടെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഓസീസ് ആദ്യ ഇന്നിങ്സിൽ 263 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കും ബാറ്റിംഗിൽ അടിപതറുകയുണ്ടായി. മുൻനിര ബാറ്റർമാർ ഇന്നിങ്സിൽ പൂർണമായും പരാജയപ്പെട്ടു.
എന്നാൽ ഓൾറൗണ്ടറായ അക്ഷർ പട്ടേൽ ക്രീസിൽ ഉറച്ചതോടെ ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക് എത്തുകയായിരുന്നു. ഇന്നിംഗ്സിൽ 74 റൺസെടുത്ത അക്ഷറിന്റെ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ രക്ഷിച്ചത്. അങ്ങനെ കേവലം ഒരു റൺ മാത്രമേ ഇന്ത്യ ഓസ്ട്രേലിയക്ക് മുൻപിൽ ലീഡ് വഴങ്ങിയിരുന്നുള്ളൂ. പിന്നീട് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് ഒരു പോസിറ്റീവ് തുടക്കം തന്നെ ലഭിക്കുകയുണ്ടായി. പക്ഷേ ഇന്ത്യയ്ക്കായി ഏഴ് വിക്കറ്റുകൾ നേടിയ രവീന്ദ്ര ജഡേജ ഓസ്ട്രേലിയയെ 113 റൺസിൽ പിടിച്ചുകെട്ടി. ഇതോടെ ഇന്ത്യയുടെ വിജയലക്ഷം 115 റൺസ് ആയി മാറി.
രണ്ടാം ഇന്നിങ്സിൽ വെടിക്കെട്ടോടെയാണ് നായകൻ രോഹിത് ശർമ(31) ഇന്ത്യയ്ക്കായി ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ നിർഭാഗ്യകരമായ രീതിയിൽ രോഹിത് പുറത്തായി. പക്ഷേ തന്റെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന പൂജാര (31) കൃത്യമായി ക്രീസിൽ ഉറച്ചതോടെ ഇന്ത്യ 6 വിക്കറ്റുകൾക്ക് മത്സരത്തിൽ വിജയം കാണുകയായിരുന്നു. 23 റണ്‍സുമായി ഭരത് പുറത്താകതെ നിന്നു. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-0നു മുൻപിൽ എത്തിയിട്ടുണ്ട്.