ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20യിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ഇന്ത്യ. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 235 റൺസാണ് സ്വന്തമാക്കിയത്. മുൻനിര ബാറ്റർമാരുടെ എല്ലാവരുടെയും വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ ഇത്ര മികച്ച ഒരു സ്കോറിലെത്തിച്ചത്.
ഇന്ത്യക്കായി ജെയിസ്വാൾ, ഋതുരാജ്, ഇഷാൻ കിസാൻ എന്നിവർ അർദ്ധ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. പൂർണമായും ഓസ്ട്രേലിയൻ ബോളർമാരെ പഞ്ഞിക്കിട്ടാണ് ഇന്ത്യ ഇത്ര മികച്ച ഒരു സ്കോറിൽ എത്തിയത്. തിരുവനന്തപുരത്തെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഈ സ്കോർ ഇന്ത്യക്ക് പ്രതിരോധിക്കാൻ സാധിക്കുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ഓപ്പണർ ജെയ്‌സ്വാൾ നൽകിയത്. പവർപ്ലെ ഓവറുകളിൽ തന്നെ ഓസ്ട്രേലിയൻ ബോളർമാരെ പഞ്ഞിക്കിടാൻ ജയിസ്വാളിന് സാധിച്ചു. മത്സരത്തിൽ 24 പന്തുകളിൽ നിന്നാണ് ജെയിസ്വാൾ തന്റെ അർത്ഥസഞ്ചറി പൂർത്തീകരിച്ചത്.
ജെയ്‌സ്വാളിന്റെ വെടിക്കെട്ടിന്റെ ബലത്തിൽ പവർ പ്ലേ ഓവറുകളിൽ 77 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ജയസ്വാൾ പുറത്തായ ശേഷം ക്രീസിലെത്തിയ ഇഷാൻ കിഷനും മത്സരത്തിൽ അടിച്ചു തകർക്കുന്നതാണ് കാണാൻ സാധിച്ചത്. ഇതോടെ ഇന്ത്യയുടെ സ്കോർ കുതിക്കുകയായിരുന്നു.
ഒരുവശത്ത് ഋതുരാജ് പക്വതയോടെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ചപ്പോൾ, മറുവശത്ത് ഇഷാൻ കിഷൻ വെടിക്കെട്ട് തീർത്തു. മത്സരത്തിൽ 32 പന്തുകളിൽ 52 റൺസാണ് കിഷൻ നേടിയത്. 3 ബൗണ്ടറികളും 4 സിക്സറുകളും കിഷന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. കിഷൻ പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവും ഋതുരാജിനൊപ്പം അടിച്ചുതകർക്കുന്നതാണ് കണ്ടത്. ഋതുരാജ് മത്സരത്തിൽ 39 പന്തുകളിൽ നിന്നായിരുന്നു തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. അവസാന ഓവറുകളിൽ ഓസ്ട്രേലിയൻ ബോളർമാരെ പൂർണമായും പഞ്ഞിക്കിടാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചു.
മത്സരത്തിൽ ഋതുരാജ് 43 പന്തുകളിൽ 58 റൺസ് സ്വന്തമാക്കുകയുണ്ടായി. സൂര്യകുമാർ യാദവ് 10 പന്തുകളിൽ 19 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 2 സിക്സറുകൾ ഉൾപ്പെട്ടു. അവസാന രണ്ടോവറുകളിൽ റിങ്കൂ സിങ്ങും വെടിക്കെട്ട് പുറത്തെടുത്തതോടെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 230 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.
റിങ്കു മത്സരത്തിൽ 9 പന്തുകളിൽ 31 റൺസാണ് നേടിയത്. ഇന്ത്യയെ സംബന്ധിച്ച് ഒരു വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് മത്സരത്തിൽ നടത്തിയിരിക്കുന്നത്. എന്നിരുന്നാലും തിരുവനന്തപുരത്തെ മഞ്ഞുതുള്ളികളുടെ സാന്നിധ്യമുള്ള പിച്ചിൽ മികച്ച ബോളിംഗ് പ്രകടനം കൂടെയുണ്ടെങ്കിൽ മാത്രമേ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിക്കൂ. മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ 2-0ന് മുമ്പിലെത്തുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ.