ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിവസം വമ്പൻ തിരിച്ചുവരവിലൂടെ പ്രതീക്ഷകൾ കാത്തുസൂക്ഷിച്ച് ഇന്ത്യൻ ബോളർമാര്‍. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. ഓസ്ട്രേലിയയുടെ മുൻനിര ബാറ്റർമാരിൽ 4 പേരും അർധസെഞ്ചറികൾ സ്വന്തമാക്കി ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചു.
എന്നാൽ മത്സരത്തിന്റെ അവസാന സെഷനിൽ ബുമ്ര അടക്കമുള്ള ബോളർമാർ തിരിച്ചുവരവ് നടത്തി വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ഇന്ത്യ മത്സരത്തിൽ ഭേദപ്പെട്ട നിലയിൽ എത്തിയിട്ടുണ്ട്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസാണ് ഓസ്ട്രേലിയ സ്വന്തമാക്കിയിരിക്കുന്നത്.
ടോസ് നേടിയ കമ്മിൻസ് തെല്ലും ഭയമില്ലാതെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ ഞെട്ടിച്ചു കൊണ്ടാണ് ഓസ്ട്രേലിയ ആരംഭിച്ചത്. തന്റെ അരങ്ങേറ്റ മത്സരം കളിക്കുന്ന ഓപ്പണർ സാം കോണ്‍സ്റ്റാസ് ആദ്യ ബോൾ മുതൽ ബുമ്രയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. കൃത്യമായ രീതിയിൽ ഒരു ഏകദിന ശൈലിയിൽ വെടിക്കെട്ട് തീർക്കാൻ താരത്തിന് സാധിച്ചു. ഇതോടെ ഇന്ത്യൻ ബോളർമാർ ആദ്യ സെഷനിൽ സമ്മർദ്ദത്തിലാവുകയായിരുന്നു. 65 പന്തുകളിൽ 60 റൺസാണ് കോണ്‍സ്റ്റാസ് നേടിയത്. ആദ്യ വിക്കറ്റിൽ ഖവാജയുമൊപ്പം ചേർന്ന് 89 റൺസ് താരം കൂട്ടിച്ചേർത്തു.
ശേഷം മൂന്നാമനായി എത്തിയ ലബുഷൈനും മികച്ച കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ലബുഷൈൻ 72 റൺസ് മത്സരത്തിൽ നേടി. ഖവാജ 57 റൺസ് നേടിയാണ് പുറത്തായത്. പിന്നീട് നാലാമനായി ക്രീസിലെത്തിയ സ്റ്റീവൻ സ്മിത്തും അർദ്ധസെഞ്ചുറിയുമായി കളം നിറഞ്ഞതോടെ ഓസ്ട്രേലിയ ശക്തമായ നിലയിലെത്തി. 2 വിക്കറ്റ് നഷ്ടത്തിൽ 237 എന്ന തരത്തിൽ അതിശക്തമായ നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ അവിടെ നിന്ന് ഇന്ത്യൻ പേസർ ബുമ്ര ഒരു വമ്പൻ തിരിച്ചുവരവ് നടത്തി. കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യയെ വട്ടം ചുറ്റിച്ച അപകടകാരിയായ ഹെഡിനെ പൂജ്യനായി മടക്കി ബൂമ്ര ഇന്ത്യക്ക് പ്രതീക്ഷ നൽകി.
ശേഷമെത്തിയ മിച്ചൽ മാർഷിനെ കേവലം 4 റൺസ് എടുക്കുന്നതിനിടെ കീപ്പർ പന്തിന്റെ കൈകളിൽ എത്തിക്കാനും ബുമ്രയ്ക്ക് സാധിച്ചു. പിന്നീട് അവസാന സെഷന്റെ അവസാന സമയത്ത് ആകാശ് ദീപ് അലക്സ് കെയറിയയും മടക്കി അയച്ചതോടെ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് ലഭിക്കുകയായിരുന്നു. 311 എന്ന ശക്തമായ സ്കോറിൽ ഇതിനോടകം എത്താൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം ദിവസത്തിന്റെ ആദ്യ സെഷനിൽ തന്നെ ഓസ്ട്രേലിയയെ ചുരുട്ടി കെട്ടേണ്ടതുണ്ട്. അല്ലാത്തപക്ഷം മത്സരത്തിലേക്ക് തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ച് അപ്രാപ്യമായിരിക്കും.