ഓസ്ട്രാലിയക്കെതിരായ ആദ്യ ടെസ്റ്റിൽ വമ്പൻ വിജയം നേടി ഇന്ത്യ. നാഗപൂരിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 132 റൺസിനുമാണ് ഇന്ത്യ വിജയം നേടിയത്. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇന്ത്യ നടത്തിയിട്ടുണ്ട്. മത്സരത്തിൽ രോഹിത് ശർമയുടെ ബാറ്റിംഗ് മികവും അശ്വിന്റെയും ജഡേജയുടെയും ബോളിംഗ് മികവുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. IND 400AUS 177 & 91
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് തുടക്കം മുതൽ പിഴക്കുന്നതാണ് കാണാൻ സാധിച്ചത്. 49 റൺസ് നേടിയ ലബുഷനെ മാത്രമാണ് ഓസ്ട്രേലിയയിലേക്കായി ഇന്നിങ്സിൽ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയത്. ഇന്ത്യക്കായി ജഡേജ അഞ്ച് വിക്കറ്റുകളും അശ്വിൻ മൂന്ന് വിക്കറ്റുകളും ഇനിങ്സിൽ നേടിയിരുന്നു. ഈ മികവിൽ ആദ്യ ഇന്നിങ്സിൽ ഓസീസിനെ കേവലം 177 റൺസിന് ഒതുക്കാൻ ഇന്ത്യക്ക് സാധിച്ചു.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി നായകൻ രോഹിത് അഴിഞ്ഞാടി. ഇന്നിംഗ്സിൽ 120 റൺസ് ആണ് രോഹിത് നേടിയത്. ഒപ്പം അക്ഷറും(84) ജഡേജയും (70)ഇന്ത്യക്കായി മികവ് കാട്ടിയതോടെ ഇന്ത്യ 400 എന്ന മികച്ച സ്കോറിൽ എത്തി. ആദ്യ ഇന്നിങ്സിൽ 223 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതിനെതിരെ മൂന്നാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസീസ് വീണ്ടും ഇന്ത്യൻ സ്പിന്നർമാർക്കു മുൻപിൽ തകർന്നടിയുകയായിരുന്നു.
അശ്വിനും ജഡേജയും നിറഞ്ഞാടിയപ്പോൾ ഓസീസ് സ്കോർ 91 റൺസിൽ അവസാനിച്ചു.ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ 37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷാമി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.. ഓസ്ട്രേലിയൻ നിരയിൽ സ്മിത്ത് (25) മാത്രമായിരുന്നു അല്പമെങ്കിലും പിടിച്ചുനിന്നത്. അങ്ങനെ മത്സരത്തിൽ ഇന്നിങ്സിനും 132 റൺസിനും ഇന്ത്യ വിജയം കാണുകയുണ്ടായി. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുൻപിൽ എത്തിയിട്ടുണ്ട്.