വൈറ്റ് ബോൾ ക്രിക്കറ്റിൽ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഋഷബ് പന്ത് കടന്നു പോകുന്നത്. ഒരുപാട് നാളുകളായി ഫോം കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്ന താരത്തെ ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. താരത്തെ ഒഴിവാക്കിയതോടെയാണ് പരിക്ക് മൂലമാണോ പന്തിനെ ഒഴിവാക്കിയത് അതോ മോശം ഫോം തുടരുന്നത് കൊണ്ടാണോ എന്ന ചോദ്യങ്ങൾ ഉയർന്നത്.
വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത് താരത്തിനോട് ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ എത്താൻ നിർദ്ദേശിച്ചിട്ടുണ്ട് എന്നാണ്. താരത്തിന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. അതുകൊണ്ട് ഫിറ്റ്നസ് വീണ്ടെടുക്കുവാൻ വേണ്ടി അടുത്തമാസം 3 മുതൽ 15 വരെ താരം ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടരും.
ശ്രീലങ്കക്കെതിരായ പരമ്പരക്ക് ശേഷം ഇന്ത്യക്ക് കളിക്കാനുള്ളത് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. ഈ ടെസ്റ്റ് പരമ്പര മുൻപിൽ കണ്ടാണ് താരത്തെ ശ്രീലങ്കക്കെതിരായ പരമ്പരയിൽ നിന്നും ഒഴിവാക്കിയത് എന്നാണ് സൂചനകൾ. പന്തിനെ ശ്രീലങ്കക്കെതിരായ ഏകദിന ട്വന്റി-20 ടീമുകളിൽ നിന്നും ഒഴിവാക്കിയപ്പോൾ മലയാളി താരം സഞ്ജു സാംസണിനെ 20-20 ടീമിൽ ഉൾപ്പെടുത്തുകയും ഏകദിന ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. അതേസമയം ഇഷാൻ കിഷൻ രണ്ട് ടീമിലും സ്ഥാനം നേടി.
ഇരുവർക്കും ലഭിച്ച അവസരം നല്ല രീതിയിൽ മുതലാക്കിയാൽ പന്തിന് വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത് ബുദ്ധിമുട്ടായിരിക്കും. പരമ്പരയിലെ ടീമിൽ നിന്നും സീനിയർ താരം ശിഖർ ധവാനെയും ഒഴിവാക്കിയിട്ടുണ്ട്. ഭുവനേശ്വർ കുമാറിനും അവസരം ലഭിച്ചിട്ടില്ല. ഏകദിന ടീമിൽ രാഹുൽ ഉണ്ടായിട്ടും വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുള്ളത് ഹർദിക് പാണ്ഡ്യയെ ആണ്. ഇന്ത്യൻ ടീമിലെ അഴിച്ചുപണികൾക്കുള്ള സൂചനയായിട്ടാണ് ഇതിനെ ക്രിക്കറ്റ് ആരാധകർ കാണുന്നത്.