ഓസീസിനെതിരെ ഇന്ത്യ പന്തിൽ കൃത്രിമം കാട്ടി. ആരോപണവുമായി ഇൻസമാം ഉൾ ഹഖ്.

2024 ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ പാക്കിസ്ഥാൻ നായകൻ ഇൻസമാം. ഇന്ത്യൻ ടീം പന്തിൽ കൃത്രിമം കാട്ടി എന്ന ആരോപണവുമായാണ് മുൻ താരം രംഗത്ത് എത്തിയിരിക്കുന്നത്.

ഓസ്ട്രേലിയക്കെതിരെ നടന്ന സൂപ്പർ 8 മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്നാണ് ഇൻസമാം ചൂണ്ടിക്കാട്ടുന്നത്. മത്സരത്തിൽ ഒരു തകർപ്പൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. 24 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ പരാജയത്തോടെ ഓസ്ട്രേലിയ സെമി ഫൈനൽ കാണാതെ പുറത്താവുകയും ചെയ്തു. എന്നാൽ മത്സരത്തിനിടെ ഇന്ത്യയുടെ ഇടംകയ്യൻ പേസറായ അർഷദീപ് സിംഗ് കൃത്രിമം കാട്ടിയെന്ന് ഇൻസമാം ആവർത്തിച്ചു പറയുന്നു.

മത്സരത്തിൽ അർഷദീപിന് ലഭിച്ച അസാധാരണമായ റിവേഴ്സ് സ്വിങ് ചൂണ്ടിക്കാട്ടിയാണ് ഇന്‍സമാം സംസാരിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ പതിനാറാം ഓവറിൽ രണ്ടാം സ്പെൽ എറിയാനായി അർഷദീപ് എത്തിയിരുന്നു. ഈ സമയത്ത് അർഷദീപിന് റിവേഴ്സ് സ്വിങ് ലഭിക്കുകയുണ്ടായി.

സാധാരണ ഗതിയിൽ പഴയ പന്തിൽ മാത്രമാണ് റിവേഴ്സ് സ്വിങ് ലഭിക്കുക എന്ന് ഇൻസമാം ചൂണ്ടിക്കാട്ടുന്നു. ഒരു ട്വന്റി20 മത്സരം കേവലം 20 ഓവറുകൾ മാത്രമാണ് എന്നിരിക്കെ എങ്ങനെയാണ് അർഷദീപിന് റിവേഴ്സ് സ്വിങ് ലഭിച്ചത് എന്ന് കണ്ടെത്തേണ്ടതുണ്ട് എന്നാണ് ഇൻസമം പറയുന്നത്.

“മത്സരത്തിന്റെ പതിനാറാം ഓവറിൽ ബോൾ ചെയ്യുന്ന സമയത്ത് അർഷദീപ് സിംഗിന് റിവേഴ്സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. ഒരു പുതിയ പന്തിൽ എങ്ങനെയാണ് ഇത്ര നേരത്തെ റിവേഴ്സ് സ്വിങ് കണ്ടെത്താൻ സാധിക്കുക എന്നാണ് ഞാൻ ചോദിക്കുന്നത്. മത്സരത്തിന്റെ 12ആം ഓവറിലും 13ആം ഓവറിലും പന്തിന് റിവേഴ്സ് സിംഗ് ലഭിക്കുന്നുണ്ടായിരുന്നോ? പിന്നെയെങ്ങനെയാണ് അർഷദീപ് എറിയാൻ വന്നപ്പോൾ പന്തിന് ഇത്തരം റിവേഴ്സ് സ്വിങ് ലഭിച്ചത്. അമ്പയർ ഇത്തരം കാര്യങ്ങളിൽ കണ്ണു തുറന്നു വയ്ക്കുന്നത് നല്ലതാണ്.”- ഒരു പാക്കിസ്ഥാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇൻസമാം പറഞ്ഞു.

“ഇക്കാര്യം ഞാൻ തുറന്നു പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഇത് ചെയ്തത് പാക്കിസ്ഥാൻ താരങ്ങളായിരുന്നുവെങ്കിൽ ഇവിടെ ഒരു ബഹളം ഉണ്ടായേനെ. എന്താണ് റിവേഴ്സ് സ്വിങ് എന്നതിനെപ്പറ്റി നമുക്കൊക്കെയും പൂർണമായ ബോധ്യമുണ്ട്. അവന് പതിനാറാം ഓവറിൽ റിവേഴ്സ് സ്വിങ് ലഭിച്ചിട്ടുണ്ടെങ്കിൽ പന്തിൽ കൃത്രിമമായി എന്തെങ്കിലുമൊക്കെ നടന്നിട്ടുണ്ട്.”- ഇൻസമാം കൂട്ടിച്ചേർത്തു.

വ്യത്യസ്തമായ ബോളിംഗ് ആക്ഷനുള്ള ബൂമ്രയ്ക്ക് റിവേഴ്സ് സിംഗ് ലഭിച്ചിരുന്നുവെങ്കിൽ അത് തനിക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് ഇൻസമാം പറഞ്ഞു. പക്ഷേ അർഷദീപിന് ഇത് ലഭിച്ചതിൽ തനിക്ക് നല്ല സംശയമുണ്ട് എന്ന് ഇന്‍സമാം ചൂണ്ടിക്കാട്ടുന്നു.

Previous article“ഇന്ത്യയെ ഇംഗ്ലണ്ടിന് ഭയമില്ല, അനായാസം തോല്പിക്കും”. ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസർ ഹുസൈൻ.
Next articleഅഫ്ഗാന്‍ തകര്‍ന്നടിഞ്ഞു. സൗത്താഫ്രിക്ക ടി20 ലോകകപ്പ് ഫൈനലില്‍